അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചരണം നടക്കുന്ന ബംഗാളിലെ 30 ഉം അസാമിലെ 47 ഉം മണ്ഡലങ്ങളാണ് നാളെ ബൂത്തില്‍ എത്തുക. വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
പശ്ചിമ ബംഗാളില്‍ അധികാരം നിലനിര്‍ത്താന്‍ ത്യണമൂല്‍ കോണ്‍ഗ്രസിനും അധികാരം പിടിച്ചെടുക്കാന്‍ ബിജെപിക്കും നിര്‍ണായകമാണ് നളെ നടക്കുന്ന വോട്ടെടുപ്പ്. പശ്ചിമ ബംഗാളില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന 30 സീറ്റുകളിലെ 27 എണ്ണം തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ ത്യണമൂല്‍ കോണ്‍ഗ്രസിനും അധികാരത്തിലെത്താന്‍ ബിജെപിക്കും ഈ സീറ്റുകളിലെ വിജയം അനിവാര്യമാണ്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്ജിനക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ അവസാന മണിക്കൂറുകളില്‍ വിഷയമാക്കിയ ത്യണമൂല്‍ നീക്കം ബിജെപിയെ ഈ ഘട്ടത്തില്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ത്യണമുള്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമിപിച്ചതിന് പിന്നാലെ പ്രസ്താവനയെ ന്യായീകരിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്തെത്തി. മമത ബാനര്‍ജി തങ്ങളുടെ മുഖ്യമന്ത്രിയാണെന്നും ബംഗാളിന്റെ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയില്‍ അവര്‍ പ്രവര്‍ത്തിക്കുമെന്നുമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു.
അസമില്‍ നാളെ വോട്ടെടുപ്പ് നടക്കുന്ന 47 മണ്ഡലങ്ങളില്‍ 27 എണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. ശേഷിച്ച മണ്ഡലങ്ങളില്‍ അസാംഗണ പരിഷത്ത് 8 ഉം കോണ്‍ഗ്രസ് 9 ഉം എഐയുഡിഎഫ് 2 ഉം ഒരിടത്ത് സ്വതന്ത്രനും 2016 ല്‍ വിജയിച്ചു. അകെയുള്ള 126 സീറ്റുകളില്‍ 100 ല്‍ കൂടുതല്‍ ലക്ഷ്യമിടുന്ന ബിജെപിക്കും അധികാരം തിരിച്ച് പിടിക്കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് സഖ്യത്തിനും പ്രധാനപ്പെട്ടതാണ് ഈ ഘട്ടത്തിലെ മികച്ച പ്രകടനം.
ബംഗളിലും അസാമിലും ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കൊവിഡ് ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാകും വോട്ടിംഗ്. എല്ലാ ബൂത്തുകളിലും കേന്ദ്രസായുധ സേനയെ ഇന്നുമുതല്‍ വിന്യസിച്ചിട്ടുണ്ട്.