കയറ്റിറക്ക് കൂലി വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ ചുമട്ടു തൊഴിലാളികള്‍ പണിമുടക്കി. കാലാവധി കഴിഞ്ഞ് മൂന്നു മാസമായിട്ടും കൂലി പുതുക്കി നിശ്ചയിക്കാന്‍ നടപടി ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. വ്യാപാരികളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് കൂലി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാവാത്തതെന്ന് സംയുക്ത സമര സമിതി ആരോപിച്ചു.
രണ്ടു തവണ ചര്‍ച്ചകള്‍ നടന്നുവെങ്കിലും വ്യാപാരികള്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. പ്രശ്‌നപരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും സംയുക്ത സമര സമിതി നേതാക്കള്‍ പറഞ്ഞു. രണ്ടു വര്‍ഷം കൂടുന്തോറുമാണ് ചുമട്ടു തൊഴിലാളികളുടെ കയറ്റിറക്ക് കൂലി വര്‍ദ്ധിപ്പിക്കാറുള്ളത്. കൂലി വര്‍ധിപ്പിക്കേണ്ട കാലാവധി 2020 ഡിസംബര്‍ 30 ന് അവസാനിച്ചു. മൂന്നു മാസമായിട്ടും കൂലി വര്‍ദ്ധിപ്പിക്കാന്‍ നടപടിയിട്ടില്ല. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ കൂലി വര്‍ദ്ധനവ് നടപ്പാക്കരുതെന്നാണ് വ്യാപാരികളുടെ ആവശ്യം. കുറഞ്ഞത് ആറു മാസം കാലത്തേക്കെങ്കിലും കൂലി പുതുക്കി നിശ്ചയിക്കരുതെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.