വാക്സീൻ നിർമാണത്തിന് യോജിച്ച് പ്രവർത്തിക്കും
വാക്സീൻ, കാലാവസ്ഥ മാറ്റം, പുതിയ സാങ്കേതിക വിദ്യകൾ എന്നിവയിൽ കൂടുതൽ സഹകരിച്ചു പ്രവർത്തിക്കാൻ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ ചതുർരാഷ്ട്ര സഖ്യത്തിന്റെ ഉച്ചകോടിയിൽ തീരുമാനം. മറ്റു 3 രാജ്യങ്ങളുടെ സഹായത്തോടെ ഇന്ത്യയിലെ വാക്സീൻ നിർമാണ സൗകര്യം വിപുലപ്പെടുത്താൻ സഹായകമാണു തീരുമാനം.
2017ൽ സ്ഥാപിച്ച സഖ്യത്തിന്റെ രാഷ്ട്രത്തലവന്മാരെ പങ്കെടുപ്പിച്ചുള്ള ആദ്യഉച്ചകോടിയാണു വെർച്വലായി നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവർ പങ്കെടുത്തു.