നെയ്ക്കുപ്പയില്‍ കാട്ടാന ശല്യരൂക്ഷം വീടിനു പുറത്തിറങ്ങാന്‍ കഴിയാതെ നിവാസികള്‍
നെയ്ക്കുപ്പയില്‍ കാട്ടാന ശല്യരൂക്ഷം
വീടിനു പുറത്തിറങ്ങാന്‍ കഴിയാതെ നിവാസികള്‍
കാട്ടാന ശല്യം മൂലം പൊറുതിമുട്ടി നെയ്ക്കുപ്പ നിവാസികള്‍.പുലര്‍ച്ചെ സൊസൈറ്റിലേക്കു പാല്‍ അളക്കാന്‍പോയ ക്ഷീര കര്‍ഷകനെ കാട്ടാന ഓടിച്ചു. കാട്ടാനശല്യം കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ നിവാസികള്‍. പാതിരി സൗത്ത് സെക്ഷന്‍ വനത്തില്‍ നിന്ന് ഇറങ്ങുന്ന കാട്ടാനക്കൂട്ടം കൃഷികള്‍ നശിപ്പിക്കുന്നതിനൊപ്പം ക്ഷീരകര്‍ഷകരുടെ ജീവനും ഭീഷണിയാകുന്നുണ്ട്. ഇതിനു പുറമേയാണ് വീട്ടുമുറ്റത്തെ മതിലും, വേലികളും ,ഗേറ്റും പച്ചക്കറിക്കൃഷിയും ചെടികളും നശിപ്പിക്കുന്നത്.
നെയ്ക്കുപ്പയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ ഒറ്റയാന്‍ ഇന്നലെ പുലര്‍ച്ചെ സൊസൈറ്റിയിലേക്ക് പാല്‍ അളക്കാന്‍ പോയ ദേവസ്യയെയാണ് ആക്രമിക്കാനായി ഓടിച്ചത്.നടവയല്‍ പുല്‍പ്പള്ളി റോഡിലൂടെ നടന്നു വരുന്ന കാട്ടാനെ കണ്ട് അടുത്ത വീട്ടിലേക്ക് ഓടികയറിയതിനാലാണ് രക്ഷപ്പെട്ടത് എന്നും ദേവസ്യ പറഞ്ഞു. കഴിഞ്ഞ ഒറ്റ രാത്രി കൊണ്ട് ഒട്ടേറെ കര്‍ഷകരുടെ വാഴ, തെങ്ങ്,കാപ്പി, കമുങ്ങ്, കുരുമുളക് അടക്കമുള്ള കൃഷികള്‍ നശിപ്പിച്ചു. വന്യമൃഗം പരിഹരിക്കുന്നതിനായി പ്രദേശത്ത് റെയില്‍വേലി സ്ഥാപിക്കാന്‍ ഫണ്ട് വകയിരുത്തിട്ടുണ്ടെങ്കിലും ഇതുവരെ നിര്‍മ്മാണം ആരംഭിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി.