ഭീതി അകലുന്നില്ല;കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു

0

മാനന്തവാടി ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ തുരത്താനായില്ല.ഇതോടെ കൂട് സ്ഥാപിച്ചു.ഒഴക്കോടി മക്കിക്കൊല്ലി വെള്ളിരിപാലം മണക്കാട് ഫ്രാന്‍സിസിന്റെ പശുകിടാവിനെയാണ് തിങ്കളാഴ്ച രാവിലെ കടുവ ആക്രമിച്ച് കൊന്ന് പാതി ഭക്ഷിച്ചത്.തുടര്‍ന്ന് തൊട്ടടുത്ത പുതിയ കണ്ടിപെരുംകുന്നില്‍ നിലയുറപ്പിച്ച കടുവയെ തുരത്താനുള്ള വനംവകുപ്പിന്റെ ശ്രമം വിജയം കണ്ടില്ല.കഴിഞ്ഞ ദിവസം പാതി ഉപേക്ഷിച്ച പശു കിടാവിന്റ ജഢം തോട്ടത്തില്‍ നിന്ന് വയലില്‍ എത്തിച്ച് പൂര്‍ണ്ണമായും ഭക്ഷിക്കുകയായിരുന്നു.ഇതോടെ നാട്ടുകാര്‍ വനം വകുപ്പിനെതിരെ തിരിഞ്ഞതോടെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം അസീസ് വാളാട്, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തംഗം ജോസ് കൈനികുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡി.എഫ്.ഒ രമേശ് ബിഷ്‌ണോയിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാക്കാനും കൂട് സ്ഥാപിക്കാനും തീരുമാനിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രണ്ട് ടീമുകളായി ഇന്ന് ഉച്ചയോടെ കുന്നില്‍ തിരച്ചില്‍ ആരംഭിച്ചു.രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. അതിനിടെ മുത്തങ്ങയില്‍ നിന്ന് എത്തിച്ച കൂട് രാത്രിയോടെ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പെരുംകുന്നില്‍ സ്ഥാപിച്ചു.ഡി.എഫ്.ഒ.രമേശ് ബിഷ്‌ണോയി, പേര്യ റെയ്ഞ്ചര്‍ എം.പി.സജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.ഒ.ആര്‍.കേളു എം.എല്‍.എ. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസി.എല്‍ സി ജോയി, വൈ.പ്രസി.എം.ജി.ബിജു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒഴക്കോടി, മക്കിക്കൊല്ലി, മുതിരേരി,തവിഞ്ഞാല്‍ പ്രദേശത്തുകാരോട് കടുത്ത ജാഗ്രത പുലര്‍ത്താന്‍ വനം വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!