മഹിളാ നേതാവ് കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മിനൊപ്പം

0

ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ അനില്‍കുമാറിന് പിന്നാലെ വയനാട്ടില്‍ മഹിളാ നേതാവ് കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്നു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ്പ്രസിഡന്റുമായ സുജയാ വേണുഗോപാലാണ് കോണ്‍ഗ്രസില്‍നിന്നും രാജിവച്ച് സി.പി.ഐ .എമ്മിനൊപ്പം ചേര്‍ന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ഇടതുപക്ഷത്തിനൊപ്പം പൊതുപ്രവര്‍ത്തനം തുടരുമെന്നും സുജയ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ മികച്ച ഭരണമായിരുന്നു. ഇതും സിപിഐ എമ്മില്‍ ചേരാന്‍ പ്രചോദനമായെന്ന് അവര്‍ പറഞ്ഞു.കോണ്‍ഗ്രസ് നേതാവും കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് (കെകെഎന്‍ടിസി) വയനാട് ജില്ലാ പ്രസിഡന്റുമായ എന്‍ വേണുഗോപാലിന്റെ ഭാര്യയാണ്. സിപിഐഎം കല്‍പ്പറ്റ മണ്ഡലം വികസന വിളംബര ജാഥയ്ക്ക് മേപ്പാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സുജയ പങ്കെടുത്തു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ എംഎല്‍എ ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു.

ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വയനാട് ഡിസിസി ജനറല്‍ സെക്രട്ടറിയുമായ പി കെ അനില്‍കുമാര്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍നിന്നും രാജിവച്ച് എല്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നേതാക്കളുടെ രാജി കോണ്‍ഗ്രസിന് കനത്ത ആഘാതമായിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!