രാജ്യം കൊവിഡ് പ്രതിരോധത്തിന്റെ രണ്ടാംഘട്ടത്തിലേയ്ക്ക്. മാർച്ച് ഒന്ന് മുതൽ 60 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ ലഭിക്കും. നാൽപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവരിൽ മറ്റ് രോഗമുള്ളവർക്കും വാക്‌സിൻ നൽകും. സർക്കാർ കേന്ദ്രത്തിൽ വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് സുപ്രധാന തീരുമാനം. പതിനായിരം സർക്കാർ കേന്ദ്രങ്ങളിലും ഇരുപതിനായിരം സ്വകാര്യ കേന്ദ്രങ്ങളിലുമായിട്ടാകും തിങ്കളാഴ്ച മുതൽ വാക്‌സിനേഷൻ നടത്തുക. ഇതിൽ സർക്കാർ കേന്ദ്രങ്ങളിൽ വാക്‌സീൻ നൽകുന്നത് സൗജന്യമായിട്ടാകും.60 വയസിന് മുകളിലുള്ളവർക്ക് പുറമേ മറ്റ് രോഗങ്ങൾ അലട്ടുന്ന 45 വയസിന് മുകളിലുള്ളവർക്കും വാക്‌സിൻ നൽകുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു.
സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്‌സിൻ ഡോസെടുക്കുന്നവർക്ക് പണം നൽകേണ്ടി വരും. ആശുപത്രികളുമായും വാക്‌സിൻ നിർമാതാക്കളുമായും ചർച്ച നടത്തി വാക്‌സിൻ വില ആരോഗ്യമന്ത്രാലയം നിശ്ചയിക്കും. ജനുവരി 16 ന് ആരംഭിച്ച വാക്‌സിനേഷൻ നിലവിൽ ആരോഗ്യ പ്രവർത്തകർക്കാണ് നൽകിവരുന്നത്. ഇതുവരെ ഒന്നരക്കോടി ആളുകൾക്ക് വാക്‌സിൻ നൽകിയെന്നാണ് സർക്കാർ കണക്കുകൾ.