ഹണിട്രാപ്പിലെ മുഖ്യപ്രതി പിടിയില്‍

0

മാനന്തവാടിയിലെ യുവവ്യാപാരിയേയും സുഹൃത്തുക്കളേയും സ്ത്രീകളടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി മൈസൂര്‍, മാനസിനഗര്‍ എന്ന സ്ഥലത്ത് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് 20 ലക്ഷം രൂപ മോചന ദ്രവ്യമായി ആവശ്യപ്പെട്ട് ദേഹോപദ്രവം ഏല്‍പ്പിക്കുകയും മറ്റും ചെയ്ത കുറ്റത്തിലെ പ്രധാന പ്രതിയെ മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ മണിയും സംഘവും കസ്റ്റഡിയിലെടുത്തു. കര്‍ണ്ണാടക കുശാല്‍നഗര്‍ ഗോണ്ടിബസവനള്ളി സ്വദേശിയായ നസീര്‍ എന്ന നൗഷാദിനെയാണ് പോലീസ് തന്ത്രപൂര്‍വ്വം വലയിലാക്കിയത്. തിരുവനന്തപുരത്തുള്ള പ്രമുഖ വ്യവസായിയെ കുടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ് നൗഷാദ് പോലീസൊരുക്കിയ ട്രാപ്പില്‍പ്പെടുന്നത്. വ്യാപാരികളെയും മറ്റ് സമൂഹത്തിലെ പ്രമുഖരെയും സ്ത്രീകളെ ഉപയോഗിച്ച് ഫോണിലൂടെ പ്രലോഭിപ്പിച്ച് റിസോര്‍ട്ടുകളിലും, ഹോട്ടലുകളിലും മറ്റുമെത്തിച്ച ശേഷം അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി വിലപേശി ലക്ഷങ്ങള്‍ കരസ്ഥമാക്കുന്ന സംഘത്തിനെയാണ് കഴിഞ്ഞ ദിവസങ്ങളിലായി മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ മണിയും സംഘവും പിടികൂടിയത്. സംഘത്തിലെ ഏഴോളം പേര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. സംഘത്തിലെ പ്രധാനകണ്ണിയായ നൗഷാദ് പോലീസിനെ വെട്ടിച്ച് ബംഗ്ലൂരൂവില്‍ താമസിച്ച് വരികയായിരുന്നു. അവിടെ വെച്ച് തിരുവനന്തപുരം സ്വദേശിയായ വ്യവസായിയെ കെണിയില്‍പ്പെടുത്താനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ് മാനന്തവാടി പോലീസ് ഒരുക്കിയ വലയില്‍ നൗഷാദ് പെടുന്നത്. നൗഷാദിനെ പ്രലോഭിപ്പിച്ച് മാനന്തവാടിയിലെത്തിച്ച പോലീസ് ഒടുവില്‍ പ്രതിയെ വലയിലാക്കുകയായിരുന്നു. നൗഷാദിന് കര്‍ണ്ണാടകയില്‍ പല സ്റ്റേഷനുകളിലും സമാനരീതിയിലുള്ള കേസുകള്‍ നിലവിലുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ മണിപറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!