പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും വന്‍ നാശം നേരിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു. കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. ബി രാജേന്ദ്രറിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഗ്രാമവികസന മന്ത്രാലയം ഡയറക്ടര്‍ ധരംവീര്‍ ഝാ, ഊര്‍ജ്ജമന്ത്രാലയം ചീഫ് എഞ്ചിനീയര്‍ വന്ദന സിംഗാള്‍, കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പൊന്നുസാമി, ദുരന്തനിവാരണ കോര്‍ഡിനേറ്ററും ഹസാഡ് അനലിസ്റ്റുമായ ജി. എസ് പ്രദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ശനിയാഴ്ച്ച വൈകീട്ട് ജില്ലയിലെത്തിയ എത്തിയ സംഘം ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ചു. നാശനഷ്ടത്തെ സംബന്ധിച്ച കണക്കുകള്‍ ജില്ലാ കളക്ടര്‍ അവതരിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ ഒമ്പത് മണിയോടെ വൈത്തിരി ബസ്സ് സ്റ്റാന്റിലെ തകര്‍ന്ന ഇരുനില കെട്ടിടം പരിശോധിച്ചുകൊണ്ടാണ് സന്ദര്‍ശനം തുടങ്ങിയത്. തുടര്‍ന്ന് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ പൊഴുതന അമ്മാറ, കുറിച്യാര്‍മല, പിലാക്കാവ് മണിയംക്കുന്ന്, പഞ്ചാരക്കൊല്ലി എന്നിവിടങ്ങളിലും സംഘം സന്ദര്‍ശിച്ചു. വെളളപ്പാച്ചിലില്‍ തകര്‍ന്ന വീടുകളെ കുറിച്ചും ജീവന്‍ നഷ്ടപ്പെട്ട വളര്‍ത്തുമൃഗങ്ങളെ കുറിച്ചും സംഘം ചോദിച്ചറിഞ്ഞു. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥര്‍ നാശനഷ്ടത്തിന്റെ വ്യാപ്തിയും വിശദാംശങ്ങളും സംഘത്തിന് വിശദീകരിച്ചു നല്‍കി. ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലങ്ങള്‍ നടന്ന് കണ്ട സംഘം പ്രദേശത്തെ താമസക്കാരുടെ വിവരങ്ങളും ആരാഞ്ഞു. ദുരന്തബാധിതരുമായി സംസാരിക്കാനും സമയം കണ്ടെത്തി. കനത്തമഴയില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്ന തൃശ്ശിലേരി പ്ലാമൂലയിലെ കൃഷി ഭൂമിയും തകര്‍ന്ന വീടുകളും സംഘം പരിശോധിച്ചു.
വൈദ്യൂതി വകുപ്പിന്റെ നാശനഷ്ടങ്ങള്‍ ഊര്‍ജ്ജമന്ത്രാലയം ചീഫ് എഞ്ചിനീയര്‍ വന്ദന സിംഗാള്‍ പ്രത്യേകം ചോദിച്ചറിഞ്ഞു. പ്രളയജലം കയറി കൃഷി നശിച്ച പടിഞ്ഞാറത്തറ പാണ്ടംകോട് പ്രദേശവും മണല്‍ വന്ന് തൂര്‍ന്ന നിര്‍വ്വാരം പ്രദേശത്തെ വയലുകളും സംഘം സന്ദര്‍ശിച്ചു. കാലവര്‍ഷത്തില്‍ മണ്ണിടിഞ്ഞ് തകര്‍ന്ന മാനന്തവാടി തോണിച്ചാലിലെ റോഡും സംഘം പരിശോധിച്ചു. എ.ഡി.എം കെ അജീഷ്, സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം. സുരേഷ്, സൗത്ത് ഡി.എഫ്.ഒ രഞ്ജിത്ത് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി. വിജയകുമാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ്, ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.സിബി വര്‍ഗീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ എം.എസ് ദിലീപ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ഷാജി അലക്സാണ്ടര്‍, ജില്ലാ ഐ.ടി.ഡി.പി ഓഫീസര്‍ വാണീദാസ്, ഹരിതകേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍ എന്നിവരും സംഘത്തെ അനുഗമിച്ചു.