സിസ്റ്റര്‍ ലൂസിക്ക് മാനന്തവാടി രൂപതയുടെ വിലക്ക്
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപുരയ്ക്ക് വിലക്ക്. മാധ്യമങ്ങളില്‍ സഭയെ വിമര്‍ശിച്ച് സംസാരിച്ചതിനാണ് മാനന്തവാടി രൂപത സിസ്റ്റര്‍ക്കെതിരെ നടപടിയെടുത്തത്. വിശുദ്ധ കുര്‍ബാന, വേദ പാഠം എന്നിവയില്‍ നിന്നും ഇടവകയിലെ മറ്റു പ്രവര്‍ത്തനങ്ങളില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ ഒഴിവാക്കി. മാനന്തവാടി രൂപത പരിധിയില്‍പ്പെട്ട കാരക്കാമല ഇടവകയിലെ മഠത്തില്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗ്രേഷന്‍ സഭാംഗമാണ് സിസ്റ്റര്‍ ലൂസി. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലില്‍ ചര്‍ച്ചയിലും രണ്ട് ദിവസം സമര പന്തലിലും പോയിരുന്നു. ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയാണ് എഴുത്തുകാരി കൂടിയായ സിസ്റ്റര്‍ ലൂസി. കഴിഞ്ഞ രണ്ടാഴ്ചയായി തനിക്കെതിരെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തി പ്രചരണം നടക്കുകയാണന്ന് കാണിച്ച് പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് സിസ്റ്റര്‍ക്കെതിരെ നടപടി. ഇടവക കാര്യങ്ങളായ സണ്‍ഡേ സ്‌കൂള്‍, വിശുദ്ധ കുര്‍ബാന നല്‍കല്‍, കെ.സി.വൈ.എം / മിഷന്‍ ലീഗ് പോലുള്ള സംഘടനകളിലെ പ്രവര്‍ത്തനം എന്നിവയില്‍ നിന്ന് മാറി നില്‍ക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുളള്ളത്. എന്നാല്‍ തന്നെ ചുമതലകളില്‍ നിന്നും ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് സിസ്റ്റര്‍ ലൂസി. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണ നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും സിസ്റ്റര്‍ മാധ്യമങ്ങളോട്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളെ കുറിച്ച് സിസ്റ്റര്‍ ലൂസി ഫെയ്‌സ് ബുക്കില്‍ എഴുതിയിരുന്നു: അത് ചുവടെ.
‘സത്യത്തിന് കൂട്ടുനില്ക്കണം. അതിന് വേണ്ടി പൊരുതണം.അപ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ അറിയിക്കാന്‍ സ്വാതന്ത്രമുള്ള രാജ്യമാണ് നമ്മുടേത്.അല്ലാതെ സത്യം വിജയിക്കും എന്ന് കാണുന്‌പോള്‍ ഒരുതരം കൃമികടി ഉണ്ടായിട്ട് വ്യക്തികള്‍ക്കെതിരേ തിരിഞ്ഞ് സോഷ്ല്‍മീഡിയായിലൂടെ അപകീരത്തിപ്പെടുത്തുകയല്ല വേണ്ടത്.മ0ത്തിലെ കഞ്ഞി,ചോറ്, തിന്നുന്ന കണക്കുവരെ അവതരിപ്പിച്ച് എന്നെ സത്യത്തില്‍നിന്ന് പിന്നോട്ടുവലിക്കാം എന്ന് തെറ്റിദ്ധരിക്കരുത്. വിന്റോ ജോണ്‍,അബ്രാഹം എൈസക് ജയന്‍,മിഥുന്‍ ആന്റണി,ബെജോ ജോബ് തുടങ്ങിയവര്‍ ജാഗരൂകരായിരിക്കുക. ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇവിടെ നീതിന്യായ വ്യവസ്ഥ ഒപ്പമുണ്ട്. ഇതുവരെ ക്ഷമിച്ചു…നിങ്ങള്‍ക്ക് കൂടുതല്‍ നന്മനേരുന്നു.കാണാം.’