മെഡിക്കല്‍ കോളേജ് ഉദ്ഘാടനം 101 അംഗ സംഘാടക സമിതി രൂപീകരിച്ചു
വയനാട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.ഫെബ്രുവരി 14ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ ആരോഗ്യകുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് നാടിനു സമര്‍പ്പിക്കും. ഉദ്ഘാടന ചടങ്ങ് വര്‍ണ്ണശബളമായി നടത്തുന്നതിനായി ഒ .ആര്‍ കേളു എം.എല്‍.എയുടെ അധ്യക്ഷതയില്‍ മില്‍ക്ക് സൊസൈറ്റി ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു.
ഉദ്ഘാടന ചടങ്ങിലേക്ക് ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളെയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. ഉദ്ഘാടന ചടങ്ങ് മാനന്തവാടി ടൗണില്‍ ഗാന്ധിപാര്‍ക്കില്‍ വെച്ച് നടത്തും. വയനാട്ടുകാരുടെ ചിരകാല അഭിലാഷം പൂവണിയുന്ന മുഹൂര്‍ത്തം പ്രൗഢഗംഭീരം ആക്കാനും തീരുമാനിച്ചു. സംഘാടക സമിതി ചെയര്‍മാനായി ഒ.ആര്‍ കേളു എം.എല്‍.എ യും കണ്‍വീനറായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍. രേണുകയും രക്ഷാധികാരികളായി രാഹുല്‍ ഗാന്ധി എം.പി,ശ്രേയാംസ്‌കുമാര്‍ എം.പി, സി കെ ശശീന്ദ്രന്‍ എം. എല്‍ .എ , ഐ സി ബാലകൃഷ്ണന്‍ എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.സംഘാടക സമിതി യോഗത്തില്‍ ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, മുന്‍സിപ്പാലിറ്റി അംഗങ്ങള്‍ ,വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരിവ്യവസായി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക സ്വാഗതവും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശ് കുമാര്‍ നന്ദിയും പറഞ്ഞു