പൂര്‍ത്തിയായത് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായകമാവുന്ന പദ്ധതികള്‍:മുഖ്യമന്ത്രി
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായകമാവുന്ന പദ്ധതികളാണ് ജില്ലയിലെ ടൂറിസം മേഖലയില്‍ പൂര്‍ത്തിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ മൂന്ന് ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരാപ്പുഴ ഡാം സൗന്ദര്യവത്കരണം, കാന്തന്‍പാറ വെള്ളച്ചാട്ടത്തില്‍ അടിസ്ഥാന സൗകര്യ വികസനം, പഴശ്ശിപാര്‍ക്ക് നവീകരണം എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. ഓരോ പ്രദേശത്തെയും ടൂറിസം സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് പദ്ധതികള്‍ രൂപീകരിച്ചത്. അവ ടൂറിസം മേഖലയെ കൂടുതല്‍ ഊര്‍ജസ്വലമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസം യാഥാര്‍ത്ഥ്യമാക്കിതോടെ ഓരോ ടൂറിസം കേന്ദ്രത്തിലുമുള്ള ജനങ്ങള്‍ക്ക് പ്രാദേശികമായി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു. കലാരൂപങ്ങള്‍, കൃഷി രീതി, ഭക്ഷണം, പരമ്പരാഗത കരകൗശല രംഗം തുടങ്ങിയവയെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന പങ്ക് വഹിക്കുന്നവയായി മാറിയിട്ടുണ്ട്. വായു, മണ്ണ്, ജലം, ജീവജാലങ്ങള്‍, പൈതൃകം, പരമ്പരാഗത കലകള്‍, കലാവിദ്യകള്‍ തുടങ്ങിയ നാടിന്റെ പൊതുസ്വത്തിനെയാണ് ടൂറിസം ആകര്‍ഷണ കേന്ദ്രങ്ങള്‍ ആക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെ പൂര്‍ത്തിയായ 25 പദ്ധതികള്‍ക്കായി 60 കോടി രൂപയാണ് വിനിയോഗിച്ചത്. കോവിഡ് പ്രതിസന്ധിയില്‍ എട്ട് മാസത്തോളം ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടേണ്ടി വന്നത് മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. വലിയതോതില്‍ ജനങ്ങള്‍ പണി എടുക്കുന്ന മേഖല, പ്രധാന വരുമാന സ്രോതസ്സ് എന്ന നിലയിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളോടെ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കിയത്. നിലവിലെ സാഹചര്യം മോശമാണെങ്കിലും നിരാശപ്പെടേണ്ടതില്ലെന്നും പുതിയ കുതിപ്പുകള്‍ക്കുള്ള സമയമായി വേണം ഇതിനെ കാണുവാനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മാനന്തവാടി പഴശ്ശി പാര്‍ക്കിലെ രണ്ടാം ഘട്ട സൗന്ദര്യവത്കരണവും, കാരാപ്പുഴ ഡാം മൂന്നാം ഘട്ട് സൗന്ദര്യവത്കരണവും, കാന്തന്‍പാറ വെള്ളച്ചാട്ടത്തലെ അടിസ്ഥാന സൗകര്യ വികസനവുമാണ് പൂര്‍ത്തിയായത്. പരിപാടിയില്‍ ടൂറിസം സഹകരണം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവര്‍ സന്നിഹിതരായി. കാരാപ്പുഴ ഡാം പരിസരത്ത് നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ ദേവ്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി. സജീവ്, മേരി സിറിയക്, ജലവിഭവ വകുപ്പ് പ്രോജക്ട്‌സ് ചീഫ് എഞ്ചിനീയര്‍ എം. ശിവദാസന്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ വൈസ് പ്രസിഡന്റ് പി വി എസ് മൂസ, മാനന്തവാടി നഗര സഭ കൗണ്‍സിലര്‍ ബി. ഡി. അരുണ്‍ കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ബി. ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു. കാന്തന്‍പാറയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ്, പഞ്ചായത്ത് മെമ്പര്‍ ആര്‍. ഉണ്ണികൃഷ്ണന്‍, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് അംഗം എം. സെയ്ദ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി. സലീം തുടങ്ങിയവര്‍ പങ്കെടുത്തു.