കടുവ ബന്ദിപ്പൂര്‍ വനമേഖലയിലേക്ക് കടന്നു മയക്കുവെടി വെച്ചിട്ടും പിടികൂടാനായില്ല

0

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയില്‍ ഭീതിപരത്തിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല. ഇന്ന് രാവിലെ മുതല്‍ നടത്തിയ തിരച്ചിലില്‍ ഉച്ചയോടെ ഒഴിഞ്ഞ വീടിന്റെ മുറ്റത്തായി കടുവയെ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് മയക്കുവെടി വെച്ചെങ്കിലും കടുവ കൊളവള്ളി കന്നാരം പുഴയുടെ തീരം വഴി ബന്ദിപ്പൂര്‍ വനമേഖലയിലേക്ക് കടക്കുകയായിരുന്നു. കടുവ മയങ്ങാത്തതിനെ തുടര്‍ന്ന് നിരീക്ഷണം നടത്തുകയായിരുന്ന പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ വാച്ചറായ വിജേഷി (36)നെ കടുവ ആക്രമിച്ചു.ആക്രമണത്തില്‍ കൈക്ക് ഗുരുതരമായി പരിക്കേറ്റ വിജേഷിനെ മേപ്പാടിയിലെ സ്വകാര്യമെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കടുവയെ പിടികൂടാനാവാത്തതില്‍ പ്രദേശവാസികള്‍ ശക്തമായ അമര്‍ഷത്തിലാണ്.രാവിലെ മുതല്‍ സിസിഎഫ് വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിന് നേതൃത്വം നല്‍കിയത്. ഏഴായി തിരിഞ്ഞായിരുന്നു പരിശോധന. ഒരാഴ്ച മുമ്പാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. കൊളവള്ളി, പാറക്കവല, ഐശ്വര്യക്കവല, സീതാമൗണ്ട് തുടങ്ങിയ പ്രദേശങ്ങള്‍ ഭീതിയില്‍ കഴിഞ്ഞുവരികയായിരുന്നു. ഞായറാഴ്ച കടുവയുടെ ആക്രമണത്തില്‍ ചെതലയം റെയ്ഞ്ച് ഓഫീസര്‍ ടി ശശികുമാറിന് പരിക്കേറ്റിരുന്നു. ഇദ്ദേഹം ഇപ്പോള്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.ഇന്ന് രാവിലെയോടെ കടുവയുടെ കാല്‍പ്പാടുകള്‍ പ്രദേശത്തെ വീടിന് പരിസരത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വനംവകുപ്പ് പരിശോധന കര്‍ശനമാക്കിയത്.രാത്രി വൈകിയും പ്രദേശത്ത് വനംവകുപ്പ് കാവല്‍ തുടരുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!