വരുന്ന അഞ്ച് വര്‍ഷം വയനാട് ജില്ലാ പഞ്ചായത്ത് ജനോപകാര പദ്ധതികള്‍ക്കായിരിക്കും കൂടുതല്‍ മുന്‍ഗണന നല്‍കുകയെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വൈസ് പ്രസിഡന്റ് എസ് ബിന്ദു എന്നിവര്‍ പറഞ്ഞു.വയനാട് പ്രസ് ക്ലബ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.തെരഞ്ഞെടുപ്പില്‍ മാത്രമാണ് രാഷ്ട്രീയമുള്ളൂവെന്നും, രാഷ്ട്രീയത്തിനപ്പുറം വിവിധ മേഖലകളില്‍ ജനങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ള പദ്ധതികളായിരിക്കും രൂപീകരിക്കുകയെന്ന് സംഷാദ് പറഞ്ഞു. കാര്‍ഷിക മേഖല, ടൂറിസം, കായികം, ആരോഗ്യം, വിദ്യാഭ്യാസം, വന്യമൃഗശല്യ പരിഹാരം, ദളിത് ആദിവാസി മേഖല തുടങ്ങി വിവിധ മേഖലകളിലും നടപ്പാക്കേണ്ട സ്വപ്നപദ്ധതികള്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി ആലോചിച്ച് വരികയാണ്. വയനാട്ടില്‍ ഐഎഎസ് അക്കാദമിയെന്നത് തന്റെ സ്വപ്നപദ്ധതിയാണെന്നും അതിനായി വിശദമായ ഒരു പ്രൊപോസല്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാരമ്പര്യ വൈദ്യന്മാരെ കൂടുതല്‍ പ്രോത്സാഹനം നല്‍കി അവരെ ടൂറിസവുമായി ബന്ധിപ്പിക്കും. കാര്‍ഷിക വിളകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളാക്കാന്‍ പഞ്ചായത്തുകളെ ഒത്തൊരുമിപ്പിച്ച് കര്‍ഷകരില്‍ നിന്നും ഉത്പ്പന്നങ്ങള്‍ സ്വീകരിച്ച് അവ സംസ്‌കരിച്ച് ബ്രാന്‍ഡ് ചെയ്യാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കാവുന്ന മാതൃകകള്‍ ആദ്യം പഠിച്ചശേഷം പദ്ധതി നടപ്പിലാക്കും. സുതാര്യമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതോടൊപ്പം ഗുണഭോക്താക്കളുടെ അഭിപ്രായം കൂടി തേടുമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ടീച്ചര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം അമല്‍ ജോയ്, വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് കെ സജീവന്‍, സെക്രട്ടറി നിസാം കെ അബ്ദുള്ള എന്നിവര്‍ സംബന്ധിച്ചു.