കര്‍ഷക ദിനമായ ഇന്ന് കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും രാജ്യവ്യാപക പ്രതിഷേധം. ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാന്‍ കര്‍ഷകരോടും പൊതുജനങ്ങളോടും കിസാന്‍ മുക്തി മോര്‍ച്ച അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി ഓഫീസുകളും ബിജെപി ജനപ്രതിനിധികളുടെ വീടുകളും ഉപരോധിക്കും.
മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗിന്റെ ജന്മവാര്‍ഷികത്തിന്റെ സ്മരണയിലാണ് ഡിസംബര്‍ 23 ദേശീയ കര്‍ഷക ദിനമായി ആചരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പതിനായിരകണക്കിന് കര്‍ഷകര്‍ തെരുവുകളില്‍ പ്രതിഷേധം തുടരുന്ന തിനിടെയാണ് ഇത്തവണത്തെ കര്‍ഷക ദിനം.
പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഒരു നേരത്തെ ഭക്ഷണം ത്യജിക്കാനാണ് പൊതുജനത്തോടുള്ള കര്‍ഷക സംഘടനകളുടെ ആഹ്വാനം. ഉത്തര്‍പ്രദേശില്‍ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷക പ്രതിഷേധം ശക്തമാക്കും. ഇന്നലെ അംബാലയില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെ കര്‍ഷകര്‍ കരിങ്കൊടി കാണിച്ചിരുന്നു.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം 472 കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കണ്‍സോര്‍ഷ്യം ഇന്ന് ചര്‍ച്ച ചെയ്യും. കര്‍ഷക നേതാക്കളുടെ റിലേ സത്യാഗ്രഹം സിംഗു അടക്കം പ്രക്ഷോഭ മേഖലകളില്‍ തുടരുകയാണ്.