മുനീശ്വരന്‍കുന്ന് റോഡ് ഇടിഞ്ഞു തകര്‍ന്നു
തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാംനമ്പര്‍ മുനീശ്വരന്‍കുന്ന് റോഡ് കനത്ത മഴയില്‍ ഇടിഞ്ഞു തകര്‍ന്നു. 50 മീറ്റര്‍ നീളത്തിലാണ് ഈ റോഡ് ഇടിഞ്ഞത്. അഞ്ച് വൈദ്യുത തൂണുകളും ഇതോടൊപ്പം ഒടിഞ്ഞു വീണു. റോഡ് തകര്‍ന്നതോടെ ഇതിലൂടെയുള്ള കാല്‍നടയാത്ര പോലും നിലച്ചു. ഈ റോഡിന്റെ പല ഭാഗത്തും വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമായും മുനീശ്വരന്‍കുന്ന് ഭാഗത്തേക്ക് പോകുന്ന റോഡാണിത്. ഈ റോഡ് ഇനി എളുപ്പത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ല. എന്നാല്‍ മുനീശ്വരന്‍കുന്ന് ഭാഗത്തേക്ക് പോകാന്‍ പുതിയിടം മുനീശ്വരന്‍കുന്ന് റോഡ് നിലവിലുണ്ടെങ്കിലും ഇത് യാത്രായോഗ്യമല്ല. 50 മീറ്റര്‍ റോഡ് മാത്രമാണ് ഇപ്പോള്‍ കോണ്‍ക്രീറ്റ് ചെയ്തത്. ബാക്കി വരുന്ന 350 മീറ്റര്‍ റോഡ് പൂര്‍ണ്ണമായും മണ്‍റോഡാണ്. ഇതാകട്ടെ തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. ഈ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളതിനാല്‍ ഒരു വാഹനത്തിനും ഓടാന്‍ കഴിയില്ല. നിരവധി വീടുകള്‍, മുനിശ്വരന്‍കുന്ന് ഇക്കോ ടൂറിസം കേന്ദ്രം, മുനീശ്വരന്‍കുന്ന് ക്ഷേത്രം, എന്‍.സി.സി. പരിശീലന കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാന്‍ ഇനി ഈ വഴി മാത്രമെയുള്ളു. ആയതിനാല്‍ ഈ റോഡ് നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.