അഭിനവ കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ പ്രതികരിക്കണം: ഗ്രോവാസു
സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി ശബ്ദിക്കുന്നവരെ വ്യാജഏറ്റുമുട്ടലിലൂടെ കൊന്നു തള്ളുന്ന അഭിനവ കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് ഗ്രോവാസു പറഞ്ഞു.സംസ്ഥാനത്ത് പെരുകുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ പടിഞ്ഞാറത്തറയില്‍ സംഘടിപ്പിച്ച മനുഷ്യാവകാശകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ആധുനിക ആയുധങ്ങളും തണ്ടര്‍ബോള്‍ട്ടിന് നല്‍കി നിരായുധരായ ചെറുസംഘത്തെ വെടിവെച്ചുകൊല്ലുകയും പിന്നീട് തെളിവുകള്‍ നശിപ്പിച്ച ശേഷം ഏറ്റുമുട്ടലാണെന്ന് വരുത്തിതീര്‍ക്കുകയും ചെയ്യുന്ന പതിവാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ബാണാസുര മീന്‍മുട്ടിയില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്റെ മരണത്തിന്റെ സത്യാവസ്ഥപുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ടാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.വിവിധ സംഘടനാ പ്രതിനിധികളായ വി കെ ബിനു,അമ്മിണി കെ വയനാട്,സി പി ജിഷാദ് ഷാന്റോലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു