പുരസ്‌കാര നിറവില്‍ മീനങ്ങാടി പി.ടി.എ.

0

പൊതു വിദ്യാലയങ്ങളിലെ മികച്ച അധ്യാപക രക്ഷാകര്‍ത്തൃസമിതിക്ക് നല്‍കുന്ന പുരസ്്കാരം ഇത്തവണ മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ തേടിയെത്തിയത് അര്‍ഹതക്കുള്ള അംഗീകാരമായി.സെക്കണ്ടറി – ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനമാണ് മീനങ്ങാടിക്ക് ലഭിച്ചത്.

കലാ കായിക രംഗങ്ങളിലും, അക്കാദമിക രംഗത്തും, ഭൗതിക സൗകര്യങ്ങളുടെ മേഖലയിലും കൈവരിച്ച നേട്ടങ്ങളും, അതിനായി പി.ടി.എ നടത്തുന്ന യത്‌നങ്ങളുമാണ് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സര്‍ക്കാര്‍ വിദ്യാലയത്തെ പുരസ്്കാരത്തിനര്‍ഹമാക്കിയത്.

സംസ്ഥാനത്തെ 140 പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര പദവിയിലേക്കുയര്‍ത്തുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയിലുള്‍പ്പെട്ട വിദ്യാലയമാണ് മീനങ്ങാടി.പി.ടി.എ യുടെ ശ്രമഫലമായി ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും, സംസ്ഥാനതലത്തില്‍ മൂന്നാമതും, ജില്ലയില്‍ ഒന്നാമതുമായി ഉദ്ഘാടനം നിര്‍വ്വഹിക്കാനും സാധിച്ചു.

വൈവിധ്യമാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളാന്ന് പി.ടി.എ യുടെ പിന്തുണയോടെ കഴിഞ്ഞ അധ്യയന വര്‍ഷം സ്‌കൂളില്‍ നടപ്പിലാക്കിയത്.2019 – ലെ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് വീടു നിര്‍മിച്ചു നല്‍കുന്ന സ്‌നേഹവീട് പദ്ധതി, പ്രളയകാലത്തു നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പഠനം നിര്‍ത്തിപ്പോകുന്ന ഗോത്ര വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാനായി ആവിഷ്‌കരിച്ച ‘ബാക്ക് ടു സ്‌കൂര്‍’ പദ്ധതി, മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കുന്നതിനായി പൂര്‍വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ നടപ്പിലാക്കിയ ‘ടി.വി ടാബ് ചലഞ്ച് ‘ സ്‌കൂള്‍ ഗ്രന്ഥശാലയിലേക്ക് മൂവായിരത്തിലേറെ പുസ്തകങ്ങള്‍ സമാഹരിച്ച പുസ്തക ദക്ഷിണ, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികളെ ദേശീയതലത്തില്‍ നടക്കുന്ന വിവിധ പ്രവേശന പരീക്ഷകള്‍ക്കു സജ്ജരാക്കുന്നതിനായി നടപ്പിലാക്കി വരുന്ന ‘ഫോക്കസ് ദ ബസ്റ്റ്, ‘ പൊതുജനങ്ങളില്‍ ശാസ്ത്രാവവോധം വളര്‍ത്തുന്നതിനായി നടപ്പിലാക്കിയ ‘ടെല്‍ ഫോര്‍ എസ്.ഡി’ പരിസ്ഥിതി സംരക്ഷണത്തിനായി നടപ്പാലാക്കി വരുന്ന കാവു സംരക്ഷണം – ഓര്‍മ മരം പദ്ധതികള്‍, വിനോദസഞ്ചാര പ്രാധാന്യമുള്ള ആറാട്ടുപാറയുടെ സംരക്ഷണത്തിനായി നടത്തിവരുന്ന വിവിധ ഇടപെടലുകള്‍, വിദ്യാലയ പരിസരം ഹരിതാഭമാക്കുന്നതിനായി ആവിഷ്‌കരിച്ച ‘ക്ലീന്‍ കാമ്പസ്, ഗ്രീന്‍ കാമ്പസ് ‘ തുടങ്ങിയ പരിപാടികള്‍ ശ്രദ്ധേയമായിരുന്നു.

എം എല്‍.എ ഫണ്ട്, ത്രിതല പഞ്ചായത്തുകളുടെ വിഹിതം, വിവിധ സര്‍ക്കാര്‍ പ്രോജക്ടുകള്‍ എന്നിവയില്‍ നിന്നും സ്‌കൂളിന്റെ സമഗ്ര വികസനത്തിനാവശ്യമായ തുക കണ്ടെത്തുന്നതിലും പി.ടി എ മുഖ്യപങ്ക് വഹിച്ചു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, എം.പി.ടി.എ പ്രസിഡണ്ട് സിന്ധു സാലു, എസ്.എം.സി ചെയര്‍മാന്‍ ടി.എം ഹൈറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, സുഗമമാക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നതായി പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍, വൈസ് പ്രിന്‍സിപ്പാള്‍ സലിന്‍ പാല എന്നിവരും സാക്ഷ്യപ്പെടുത്തുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!