ഇന്ത്യ-ഒമാന്‍ എയര്‍ ബബിള്‍; ഒമ്പത് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് വിമാന കമ്പനികള്‍
ഇന്ത്യയും ഒമാനും തമ്മിലുള്ള എയര്‍ ബബിള്‍ ധാരണ പ്രകാരമുള്ള സര്‍വ്വീസുകള്‍ ഒമാന്‍ എയറും സലാം എയറും പ്രഖ്യാപിച്ചു. ഒക്ടോബര്‍ എട്ടു മുതലാണ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ വീതമാണ് ഒമാന്‍ എയര്‍ പ്രഖ്യാപിച്ചത്. ദില്ലി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസുകളുള്ളത്. ദില്ലിയിലേക്ക് തിങ്കളാഴ്ചയും ബുധനാഴ്ചയും മുംബൈയിലേക്കും കൊച്ചിയിലേക്കും ഞായറാഴ്ചയും വ്യാഴാഴ്ചയുമാണ് സര്‍വ്വീസുകള്‍ ഉണ്ടാകുക. ഒക്ടോബര്‍ 24 വരെ ഇതേ സമയക്രമം ആയിരിക്കും. മസ്‌കറ്റില്‍ നിന്ന് ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സലാം എയര്‍ സര്‍വ്വീസുകള്‍ നടത്തുക. കോഴിക്കോട്, തിരുവനന്തപുരം ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ ഉണ്ടാകും. സലാം എയര്‍ വെബ്‌സൈറ്റ്, കോള്‍ സെന്റര്‍, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ എന്നിവ മുഖേന ടിക്കറ്റുകള്‍ എടുക്കാം.