കുറുവയിലെ നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ സാധ്യതയില്ല

0

കുറുവാ ദ്വീപില്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന തീരുമാനം നടപ്പിലാകാന്‍ സാധ്യതയില്ലെന്ന് സൂചന.ഈ മാസം മൂന്നാം തിയ്യതി മാനന്തവാടി ഫോറസ്റ്റ് ഐബി യില്‍ എംഎല്‍എമാരായ ഒ.ആര്‍, കേളു, സി കെ.ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, ,നോര്‍ത്തേണ്‍ റീജ്യന്‍ സി സി എഫ് ശ്രാവണ്‍ കുമാര്‍ വര്‍മ്മ, ഹെഡ്ക്വാര്‍ട്ടര്‍ ഡി സി എഫ്. സി രവീന്ദ്രനാഥ് ,ജില്ലയിലെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കുറുവാ ദ്വീപിലെ ജീവനക്കാരുടെ പ്രതിനിധികള്‍ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ദ്വീപില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും സംഭവം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ഈ മാസം 20-ാം തിയ്യതിയോടെ ഇരു പ്രവേശന കവാടത്തിലുടെ 2000 ആളുകളെ പ്രവേശിപ്പിക്കാന്‍ ധാരണയായി യോഗം പിരിയുകയുമായിരുന്നു. ഈ മാസം 5ന് ടൂറിസവുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പ്രത്യേക അജണ്ടയായി കുറുവ വിഷയം കൂടി ഉള്‍പ്പെടുത്തി പ്രശന് പരിഹാരമുണ്ടാക്കുകയും നിയന്ത്രണം സംബന്ധിച്ച് 6 മാസത്തെ പഠനത്തിന് ശേഷം പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ തീരുമാനമെടുക്കാനുമായിരുന്നു നിശ്ചയിച്ചത്.എന്നാല്‍ മാനന്തവാടിയില്‍ ചേര്‍ന്ന യോഗത്തിന്റെ മിനുട്ട്‌സ് പോലും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അപ്രൂവ് ചെയ്യാത്തതിനാല്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റ് അജണ്ടയില്‍ കുറുവാ വിഷയം ഉള്‍പ്പെടുകയോ ഇത് സംബന്ധിച്ച് യാതൊരു വിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം ഇതോടെ കുറുവാ ദ്വീപില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ ഞള്‍ക്ക് ഇളവ് വരുമെന്ന പ്രതീക്ഷകള്‍ക്ക് വീണ്ടും മങ്ങലേറ്റിരിക്കുകയാണ്.കഴിഞ്ഞവര്‍ഷം നവംബര്‍ 8നാണ് കര്‍ശന നിയന്ത്രണങ്ങളോടെ ദ്വിപ് വിനോദസഞ്ചാരികള്‍ക്കായി തുറന്നത്.നിയന്ത്രണങ്ങള്‍ ദ്വീപിനെ മാത്രം ആശ്രയിച്ച് കഴിയുന്ന ചെറുകിട കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കുകയും, നിത്യേന നിരവധി വിനോദസഞ്ചാരികള്‍ക്ക് ദ്വീപില്‍ പ്രവേശിപ്പിക്കാന്‍ കഴിയാതെ നിരാശയൊടെ മടങ്ങുന്നതിനുള്ള സാഹചര്യം സംജാതമാകുന്നതിനും ഇടയാക്കിയിരുന്നു. അതെ സമയം കോടതിയില്‍ കേസുള്ളതിനാലും നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാല്‍ പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്ത് വരുമെന്നതിനാലാണ് കുറുവയിലെ നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ വനം വകുപ്പ് മടിക്കുന്നതെന്നാണ് സൂചന.

Leave A Reply

Your email address will not be published.

error: Content is protected !!