പ്രളയ പുനരധിവാസം: 26 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു

0

പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ജില്ലയില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടിടങ്ങളിലായി നിര്‍മ്മിച്ച 26 വീടുകളുടെ താക്കോല്‍ദാനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. പേര്യ കൈപ്പഞ്ചേരി കോളനിയില്‍ 12 വീടുകളുടെയും പനമരം കൊളത്താറ കോളനിയില്‍ 14 വീടുകളുടെയും താക്കോല്‍ ദാനമാണ് നടന്നത്.

പേര്യ കൈപ്പഞ്ചേരി കോളനിയില്‍ നടന്ന ചടങ്ങില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍ സി ജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത മുഖ്യാതിഥിയായി. ജില്ലാ നിര്‍മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി ഒ. കെ.സാജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, മാനന്തവാടി തഹസില്‍ദാര്‍ ജോസ് പോള്‍, മാനന്തവാടി
ടി.ഡി.ഒ. ജി. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സല്‍മാ മോയിന്‍, വാര്‍ഡ് മെമ്പര്‍മാരായ ആനിബസന്റ്, ഷീജ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പനമരം കൊളത്താറ കോളനിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എം. ആസ്യ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത മുഖ്യാതിഥിയായി. സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ജില്ലാ നിര്‍മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി ഒ. കെ.സാജിത്, മാനന്തവാടി തഹസില്‍ദാര്‍ ജോസ് പോള്‍, മാനന്തവാടി ടി.ഡി.ഒ. ജി. പ്രമോദ്, വാര്‍ഡ് മെമ്പര്‍ രജിത, ഊര് മൂപ്പന്‍ രാമചന്ദ്രന്‍, പനമരം ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൊളത്താറ കോളനിയില്‍ നിര്‍മ്മിച്ച 14 വീടുകളില്‍ 7 എണ്ണം പ്രളയത്തെ അതിജീവിക്കുന്ന മാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ആറ് അടി ഉയരത്തില്‍ 9 പില്ലറും ബീമും സ്ലാബും വാര്‍ത്ത് അതിന് മുകളിലായാണ് വീട് ഒരുക്കിയത്. ടോയ്‌ലറ്റ്, അടുക്കള, രണ്ട് ബെഡ് റൂം, ഹാള്‍, വീടിന് മുന്‍വശത്തും പിറക് വശത്തുമായി സ്റ്റീല്‍ ഫ്രെയിം കൊണ്ട് നിര്‍മ്മിച്ച രണ്ട് ഗോവണിപ്പടികള്‍ എന്നീ സൗകര്യങ്ങളോടെയാണ് മനോഹരമായ വീടുകള്‍ നിര്‍മ്മിച്ചത്. ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച വീടിന്റെ തറയില്‍ ടൈല്‍ പതിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് എന്‍.ഐ.ടി പഠനം നടത്തി പ്രളയത്തെ അതിജീവിക്കാന്‍ സാധിക്കുമെന്ന പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീടുകള്‍ തയ്യാറാക്കിയത്. ജില്ലയില്‍ ഈ മാതൃകയില്‍ 8 വീടുകളാണ് നിര്‍മ്മിച്ചത്. മുട്ടില്‍ പാറക്കലിലാണ് ഇത്തരത്തില്‍ നിര്‍മ്മിച്ച മറ്റൊരു വീട്.

മറ്റ് വീടുകള്‍ സാധാരണ രീതിയിലാണ് നിര്‍മ്മിച്ചതെങ്കിലും സമാനമായ സൗകര്യങ്ങളുണ്ട്. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി ലഭിച്ച 4 ലക്ഷം രൂപയും, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അനുവദിച്ച 2 രണ്ട് ലക്ഷം രൂപയും ഉള്‍പ്പെടെ 6 ലക്ഷം രൂപ വീതം ഉപയോഗിച്ചാണ് 26 വീടുകളുടെയും നിര്‍മ്മാണം ജില്ലാ നിര്‍മ്മിതി കേന്ദ്ര പൂര്‍ത്തിയാക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!