കല്പറ്റ ബാങ്ക് സെക്രട്ടറി എം. വാസന്തി നാളെ വിരമിക്കും

0

കല്പറ്റ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം. വാസന്തി 34 വര്‍ഷത്തെ സേവനത്തിനു ശേഷം ബുധനാഴ്ച വിരമിക്കും. 1983 സെപ്തംബര്‍ 13 ന് ജൂനിയര്‍ ക്‌ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച വാസന്തി കഴിഞ്ഞ 11 വര്‍ഷമായി ബാങ്കിന്റെ സെക്രട്ടറിയാണ്. വ്യത്യസ്തവും നൂതനവുമായ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. മൈക്രോ ലോണ്‍, നാടന്‍ ജൈവ പച്ചക്കറി ചന്ത, നോട്ടു നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിനായി നടപ്പാക്കിയ ബിസിനസ് കറസ്‌പോണ്ടന്റ് സംവിധാനം തുടങ്ങിയവയൊക്കെ ബാങ്ക് ഭരണസമിതിയുടെ സഹകരണത്തോടെ ഇവര്‍ നടപ്പാക്കിയ പദ്ധതികളില്‍ ചിലതാണ്. ബാങ്ക് ഇടപാടുകാരില്‍ താഴെ തട്ടിലുള്ളവരുടെ ജീവിത രീതിക്ക് മാറ്റമുണ്ടാക്കാന്‍ മൈക്രോ ലോണ്‍ പദ്ധതിയിലൂടെ സാധിച്ചു. കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാതെ കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ജൈവ കാര്‍ഷിക ചന്ത കൊണ്ട് സാധിച്ചു. മുമ്പ് കല്പറ്റയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആഴ്ച ചന്തയുടെ പുനരുജ്ജീവനം കൂടിയായിരുന്നു ഇത്. കല്പറ്റ സര്‍വീസ് സഹകരണ ബാങ്കിന്റെ അഭിമാന പദ്ധതിയായ ബിസിനസ് കറസ്‌പോണ്ടന്റ് പദ്ധതി നല്ല രീതിയില്‍ നടപ്പാക്കി ബാങ്കിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പത്ത് വനിതകളെ ഏജന്റുമാരായി നിയമിച്ചു. ഇതുവഴി 3600 ഓളം പുതിയ ഉപഭോക്താക്കളെ കുറഞ്ഞ സമര പരിധിക്കുള്ളില്‍ കണ്ടെത്താനായി. ബാങ്ക് നടത്തിയ സാമൂഹ്യ സേവന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചതും വാസന്തിയാണ്. ശാന്തി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് കട്ടില്‍ നല്‍കിയതും ജില്ലാ ആയുര്‍വേദ ആസ്പത്രിയിലെ കിടപ്പുരോഗികള്‍ക്ക് ബെഡ് ഷീറ്റ് നല്‍കിയതും 20 ലക്ഷം രൂപ മുടക്കി കല്പറ്റ ജനറല്‍ ആസ്പത്രിയ്ക്ക് അള്‍ട്രാ സൗണ്ട് സ്‌കാനിങ് മെഷീന്‍ നല്‍കിയതും ഭരണസമിതിയുടെ സഹകരണത്തോടെ ഇവര്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളായിരുന്നു. ജില്ലയില്‍ സഹകരണ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ഏറെ പ്രയത്‌നിച്ച തൃശ്ശിലേരിയിലെ പരേതനായ എം. കൃഷ്ണവാര്യരുടെയും പരേതയായ എ.എം. മീനാക്ഷി വാരസ്യാരുടെയും മകളാണ് എം. വാസന്തി. കൃഷ്ണവാര്യര്‍ 40 വര്‍ഷത്തോളം തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായും ദീര്‍ഘകാലം തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്‍ഷൂറന്‍സ് അഡ്വൈസര്‍ വി. ശശിധരന്റെ ഭാര്യയാണ് വാസന്തി. മീനാ ലക്ഷ്മി, വൈശാഖ് എന്നിവര്‍ മക്കളാണ്. ബുധനാഴ്ച വിരമിക്കുന്ന വാസന്തിക്ക് ചൊവ്വാഴ്ച വൈകുന്നേരം നാലിന് കല്പറ്റ ടൗണ്‍ ഹാളില്‍ ബാങ്ക് ഭരണ സമിതിയും ഇടപാടുകാരും ജീവനക്കാരും യാത്രയയപ്പ് നല്‍കും.

Leave A Reply

Your email address will not be published.

error: Content is protected !!