കടുവപ്പേടിയില്‍ കുടിയേറ്റ മേഖല

0

കടുവപ്പേടിയില്‍ കുടിയേറ്റ മേഖലയായ പുല്‍പ്പള്ളി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി ഗ്രാമപഞ്ചായത്തുകളിലാണ് കടുവാശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരുമാസമായി  ജനവാസകേന്ദ്രങ്ങളില്‍ കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്നത് പതിവാണ്.

കഴിഞ്ഞ മാസം കതവാക്കുന്നില്‍ യുവാവിനെ കടുവ കൊന്ന് ഭക്ഷിക്കുകയും നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുകയും ചെയ്തിരുന്നു. കടുവയെ തുരത്തുന്നതിനിടയില്‍ വനപാലകരും കടുവയുടെ ആക്രമണത്തിനിരയായി. തലനാരിഴക്കാണ് ചെതലയം റെയ് ഞ്ച റും, ഫോറസ്റ്റ് ഡ്രൈവറുമായ ഉദ്യോഗസ്ഥര്‍  രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പാമ്പ്ര എസ്റ്റേറ്റിന്  സമീപം വെച്ച് സ്‌കൂട്ടര്‍ യാത്രികക്ക് നേരെ കടുവ പാഞ്ഞടുത്തിരുന്നു. തലനാരിഴക്കാണ് ബത്തേരിയിലെ ബാങ്ക് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രിക രക്ഷപ്പെട്ടത്. ഇത് കൂടാതെ കഴിഞ്ഞ ദിവസം ചീയമ്പം 73ല്‍ ആറോളം വളര്‍ ത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.ചീയമ്പത്ത് ഇറങ്ങിയ കടുവ ആളുകള്‍ നോക്കിനില്‍ക്കുമ്പോഴാണ് ആടിനെ കടുവ പിടിച്ചുകൊണ്ട് പോയത്.വഴിയോരങ്ങളില്‍ വരെ കടുവയുടെ സാന്നിധ്യം പല തവണയുണ്ടായി. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കടുവ പതിഞ്ഞിരുന്നെങ്കിലും കൂട് സ്ഥാപിക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ല. നേരത്തെ കടുവാശല്യമുണ്ടായിരുന്ന കതവാക്കുന്ന്, ചാത്തമംഗലം എന്നിവിടങ്ങളില്‍ കൂട് സ്ഥാപിച്ചിരുന്നെങ്കില്‍ കടുവയെ പിടികൂടാനായില്ല. കൊളവള്ളി, പാക്കം, പാമ്പ്ര, ഇരുളം പ്രദേശങ്ങളിലും കടുവാശല്യം രൂക്ഷമായിരിക്കുകയാണ്.  കടുവയെ കാണുന്ന സമയത്ത് പടക്കവും മറ്റുംപൊട്ടിച്ച് ഓടിക്കുന്നതല്ലാതെ ഉള്‍വനങ്ങളിലേക്ക് കടത്താനുള്ള നടപടികളൊന്നും അധികൃതര്‍  സ്വീകരിക്കുന്നില്ല. വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ചീയമ്പം 73 ആദിവാസി കോളനികളിലാണ് ഇപ്പോള്‍ കടുവാ സാന്നിധ്യം അതിരൂക്ഷമായിരിക്കുന്നത്. കടുവയെ പിടികൂടാന്‍ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!