പ്രളയക്കെടുതി: പാളക്കൊല്ലിക്കാരുടെ സ്വപ്ന ഭവനപദ്ധതി പൂര്‍ത്തിയായി; 26 ന് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും

0

പുല്‍പ്പള്ളി പാളക്കൊല്ലി പട്ടികവര്‍ഗ കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിനായി മരകാവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 26 വീടുകളുടെ ഉദ്ഘാടനം ആഗസ്റ്റ് 26 ന് വൈകീട്ട് മൂന്നിന് പട്ടികജാതി- പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മരകാവ് പാരിഷ് ഹാളില്‍ പ്രാദേശിക ചടങ്ങ് നടക്കും.

പ്രളയക്കെടുതി മൂലം വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന പാളക്കൊല്ലി കോളനിക്കാര്‍ക്ക് വേണ്ടി പട്ടികവര്‍ഗ വകുപ്പ് മരകാവില്‍ വിലകൊടുത്ത് വാങ്ങിച്ച 3.90 ഏക്കര്‍ ഭൂമിയിലാണ് വീടുകള്‍ നിര്‍മ്മിച്ചത്. 485 സ്‌ക്വയര്‍ ഫീറ്റില്‍ മനോഹരമായി നിര്‍മ്മിച്ച വീടിന് 6 ലക്ഷം രൂപ വീതമാണ് ചെലവ്. വയനാട് ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പ്രവൃത്തികള്‍ ഏറ്റെടുത്ത് സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചത്. സ്ഥലത്തെ റോഡ് നിര്‍മ്മാണവും ചെരിഞ്ഞ സ്ഥലമായതിനാല്‍ വീടുകളുടെ തറകള്‍ നിരപ്പാക്കിയതും പ്രത്യേക ഫണ്ട് വകയിരുത്താതെയാണ്.

രണ്ട് കിടപ്പ് മുറികളും വിശാലമായ ഹാളും അടുക്കളയും ടോയ്ലറ്റും ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ നിലം ഉയര്‍ന്ന നിലവാരമുള്ള വിട്രിഫൈഡ് ടൈലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. കൂടാതെ വൈദ്യുതീകരണം, പ്ലംബിംഗ്, പെയിന്റിങ്, ജനല്‍-വാതിലുകളുടെ വര്‍ക്കുകള്‍ തുടങ്ങിയ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ച വീടുകള്‍ ഗുണനിലവാരത്തില്‍ സ്വകാര്യ മേലയിലെ വില്ല പ്രൊജക്ടിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലണ്.

പാളക്കൊല്ലി കോളനിക്കാര്‍ക്ക് പുറമെ ഭൂരഹിതരായ പൂതാടി, നെന്മേനി, നൂല്‍പ്പുഴ, പുല്‍പ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലെ കോളനി നിവാസികള്‍ക്ക് വേണ്ടി പുല്‍പ്പള്ളി മരകാവിലും ചേപ്പിലയിലുമായി 28 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഈ പ്രവൃത്തികളും രണ്ട് മാസത്തിനകം പൂര്‍ത്തീകരിച്ച് കൈമാറുമെന്ന് ജില്ലാ നിര്‍മ്മിതി കേന്ദ്രം അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!