കുട്ടികള്‍ക്കായി വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച അരി മറിച്ചുവിറ്റു

0

കല്ലോടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ നിന്നും കുട്ടികള്‍ക്കായി വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച അരി മറിച്ചുവിറ്റു. ജില്ലാ സപ്ലൈ ഓഫീസര്‍ക്ക്  കിട്ടിയ പരാതി പ്രകാരം നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. 386 കിലോഗ്രാം അരിയാണ് സ്‌കൂളധികൃതര്‍ കരിഞ്ചന്തയില്‍ വിറ്റത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനായുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് പി ടി എ യുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച അരിയോടൊപ്പം സ്‌കൂളിലുണ്ടായിരുന്ന അരിയും വിറ്റതെന്നാണ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വിശദീകരിച്ചത്. എന്നാല്‍ അരി വില്‍പന നടത്തിയതില്‍ പി.ടി.എയ്ക്ക് അറിവോ സമ്മതമോ ഇല്ലെന്ന് പി.ടി.എ പ്രസിഡണ്ടും വ്യക്തമാക്കി.ജില്ലാ സപ്ലൈ ഓഫീസറിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്,സീമ എന്നിവരുടെ നേതൃത്വത്തില്‍ നാലാംമൈല്‍ ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 8 പാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച അരി കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് അരി തൂക്കി മഹസര്‍ തയ്യാറാക്കി അധികൃതര്‍ അരി കണ്ടു കെട്ടി. സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണത്തിനും കുട്ടികള്‍ക്കുള്ള ദക്ഷ്യക്കിറ്റിനായുമാണ് സപ്ലൈ ഓഫീസ് മുഖേന അരിവിതരണം ചെയ്യുന്നത്. റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്നതിനേക്കാള്‍ ഗ്രേഡ് കൂടിയ അരിയാണ് സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുന്നത്. സപ്ലൈ ഓഫീസ് മുഖേന വിതരണം ചെയ്യുന്ന അരിയുടെ ക്വാളിറ്റി അനലൈസ് ചെയ്യുകയും ആരോപണവിധേയമായ സ്‌കൂളില്‍ പരിശോധന നടത്തി  അരി നഷ്ടമായിട്ടുണ്ടോ എന്നും പരിശോധിച്ചതിന് ശേഷം ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍ അറിയിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട അരി മറിച്ചുവിറ്റ അധ്യാപകര്‍ക്കെതിരെ വിവിധ തലങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്. അരി വിതരണത്തിന്റെ ചുമതലയുള്ള അധ്യാപകനെതിരെയും കൂട്ടുനിന്ന മറ്റ് അധികൃതര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!