കാലവര്‍ഷം: 3009 കുടുംബങ്ങളിലെ 10,555 പേരെ മറ്റ് വീടുകളിലേക്ക് മാറ്റി

0

കാലവര്‍ഷം: 3009 കുടുംബങ്ങളിലെ 10,555 പേരെ മറ്റ് വീടുകളിലേക്ക് മാറ്റി;*
*ദുരിതാശ്വാസ ക്യാമ്പുകളില്‍ 1216 കുടുംബങ്ങളിലെ 4206 പേര്‍*

കാലവര്‍ഷക്കെടുതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയില്‍ 1216 കുടുംബങ്ങളിലെ 4206 പേരെ 79 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത് കൂടാതെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഇടപെടലില്‍ മറ്റ് വീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത് 3009 കുടുംബങ്ങളിലെ 10,555 പേരെ. ദുരന്ത സാധ്യതാ മേഖലകളില്‍ കഴിയുന്ന 2872 കുടുംബങ്ങളിലെ 9420 പേരെ ബന്ധുവീടുകളിലേക്കും 137 കുടുംബങ്ങളിലെ 548 പേരെ വാടക വീടുകളിലേക്കുമാണ് മാറ്റി താമസിപ്പിച്ചത്. 587 പേരെ വൃദ്ധ സദനത്തിലേക്ക് മാറ്റി.

പരമാവധി ആളുകളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിത്താമസിപ്പിക്കുന്നതില്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ നടത്തിയ ജാഗ്രതയാണ് കഴിഞ്ഞ ദിവസം മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ആളപായം ഇല്ലാതാക്കിയത്. രണ്ട് വീടുകളും രണ്ട് പാലങ്ങളും ഒലിച്ചു പോയത് ഉള്‍പ്പെടെ വന്‍ നാശനഷ്ടങ്ങളുണ്ടായെങ്കിലും അപകടാവസ്ഥ മുന്‍കൂട്ടിയറിഞ്ഞ് തലേന്ന് രാത്രി ഉള്‍പ്പെടെ 179 കുടുംബങ്ങളെയാണ് ഇവിടെ നിന്ന് മാറ്റിത്താമസിപ്പിച്ചത്.

എന്നാല്‍ സുരക്ഷിത മേഖലയലാണ് കഴിയുന്നതെന്ന് കരുതിയവരും പാലങ്ങള്‍ തകര്‍ന്നതിനാല്‍ കുടുങ്ങിപ്പോവുന്ന സ്ഥിതിയുണ്ടായി. ഇവരെയാണ് രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെത്തിച്ചത്. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍, വൈത്തിരി തഹസില്‍ദാര്‍ ടി.പി അബ്ദുല്‍ ഹാരിസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ടി. റസാഖ്, സന്ദീപ്കുമാര്‍, വെള്ളരിമല വില്ലേജ് ഓഫീസര്‍ ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ടീം, ഡി.എഫ്.ഒ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം എന്നിവരാണ് തലേ ദിവസം ആളുകളെ ഒഴിപ്പിച്ചത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ക്ക് പുറമെ സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, എ.എസ്.പി വിവേക്, ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, ജില്ലാ ഫയര്‍ ഓഫീസര്‍ പി. അനൂപിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സംഘം, ദേശീയ ദുരന്ത പ്രതികരണ സേനാ അംഗങ്ങള്‍, കാരുണ്യ സന്നദ്ധ സംഘടനയുടെ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!