ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

0

ജില്ലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.മഴ കൂടാന്‍ സാധ്യതയുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍,വെള്ളപ്പൊക്കം തുടങ്ങിയ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കണമെന്നും മുന്നറിയിപ്പ്.

എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍

1. ഒരു കുപ്പി കുടിവെള്ളം.

2. പെട്ടെന്ന് നാശമാകാതെ ഉപയോഗിക്കുവാന്‍ കഴിയുന്ന ലഘു ഭക്ഷണ പദാര്‍ഥങ്ങള്‍.( നിലക്കടല, ഉണക്ക മുന്തിരി, കപ്പലണ്ടി, ഈന്തപ്പഴം, ബിസ്‌ക്കറ്റ്, റസ്‌ക്ക് മുതലായവ).

3. ഫസ്റ്റ് എയ്ഡ് കിറ്റ്. മുറിവിന് പുരട്ടാനുള്ള മരുന്ന് പോലെയുള്ള എപ്പോഴും ആവശ്യം വന്നേക്കാവുന്ന മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. ഇതു കൂടാതെ സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികളെ വീട്ടിലുണ്ടെങ്കില്‍, അവരുടെ മരുന്ന് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയുള്ളവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ എമര്‍ജന്‍സി കിറ്റിലും സൂക്ഷിക്കണം. ഇവ കൂടാതെ ക്ലോറിന്‍ ഗുളികകളും എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കണം.

4.ആധാരം, ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകള്‍ ഒരു പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് എമര്‍ജന്‍സി കിറ്റില്‍ ഉള്‍പ്പെടുത്തണം.

5.ദുരന്ത സമയത്ത് നല്‍കപ്പെടുന്ന മുന്നറിയിപ്പുകള്‍ യഥാസമയം കേള്‍ക്കാന്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുന്ന ഒരു റേഡിയോ കരുതണം.

6. പ്രവര്‍ത്തന സജ്ജമായ ടോര്‍ച്ചും ബാറ്ററിയും.

7. വ്യക്തി ശുചിത്വത്തിനാവശ്യമായ സാനിറ്ററി പാഡ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ് തുടങ്ങിയവ.

8. വീട്ടില്‍ ഭിന്നശേഷിക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍.

9. വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുന്ന ഘട്ടത്തില്‍ ഉപയോഗിക്കുവാനാവശ്യമായ മെഴുകുതിരി, തീപ്പെട്ടി മുതലായവ.

10. രക്ഷാ പ്രവര്‍ത്തകരെ ആകര്‍ഷിക്കുന്നതിനായി ഒരു വിസില്‍.

11. ആവശ്യ ഘട്ടത്തില്‍ ഉപയോഗിക്കുവാന്‍ കത്തിയോ ബ്ലേഡോ.

12. ഒരു ജോഡി വസ്ത്രം.

13. അത്യാവശ്യത്തിനുള്ള പണം, എ. റ്റി. എം. കാര്‍ഡ്.

14. മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, പവര്‍ ബാങ്ക്.

15. ഒ. ആര്‍. എസ്. പാക്കറ്റ്

എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെയ്‌ക്കേണ്ടതും അത് വീട്ടിലെ എല്ലാവര്‍ക്കും എടുക്കാന്‍ പറ്റുന്ന തരത്തില്‍ സുരക്ഷിതമായ ഒരിടത്ത് വെയ്ക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തിര സാഹചര്യത്തില്‍ ആരേയും കാത്തു നില്‍ക്കാതെ എമര്‍ജന്‍സി കിറ്റുമായി സുരക്ഷിത ഇടത്തേയ്ക്ക് മാറാനുതകുന്ന തരത്തിലേയ്ക്ക് വീട്ടിലുള്ള എല്ലാവരേയും പ്രാപ്തരാക്കുകയും ചെയ്യണം.

Leave A Reply

Your email address will not be published.

error: Content is protected !!