റൂസ കോളേജ് യാഥാര്‍ത്ഥ്യത്തിലേക്ക് കോളേജിനായുള്ള സ്ഥലം കൈമാറി

0

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ മാനന്തവാടി നിയോജക മണ്ഡലത്തിലെ ബോയ്‌സ് ടൗണില്‍ ആരംഭിക്കുന്ന റൂസ മോഡല്‍ ഡിഗ്രി കോളേജിനുള്ള  ഭൂമിയുടെ രേഖകള്‍  കൈമാറി. ഒ.ആര്‍ കേളു എം.എല്‍. എയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മാനന്തവാടി തഹസില്‍ദാര്‍ ജോസ്‌പോള്‍ ചിറ്റിലപള്ളി  ഉന്നതവിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഗവ.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വി. അനിലിനാണ് ഭൂമിയുടെ രേഖകള്‍ കൈമാറിയത്. റൂസ കോളേജിന്റെ വരവോടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റത്തിന് തുടക്കമാകുമെന്ന് ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു. മാനന്തവാടി താലൂക്ക് ഹാളില്‍ നടന്ന ചടങ്ങില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍, പേര്യ വില്ലേജ് ഓഫീസര്‍ കെ. അബ്ദുള്‍ നാസര്‍ എന്നിവരും പങ്കെടുത്തു.

തവിഞ്ഞാല്‍ പഞ്ചായത്തിലെ പേരിയ വില്ലേജില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 ഏക്കര്‍ സ്ഥലമാണ് റൂസ കോളേജിനായി വിട്ടു നല്‍കിയത്. ഒ.ആര്‍ കേളു എം.എല്‍.എയുടെ സമയബന്ധിത ഇടപെടലുകള്‍ മൂലമാണ് ആരോഗ്യ വകുപ്പിന്റെ പക്കലുള്ള ഈ ഭൂമി വിട്ടു കിട്ടിയത്. സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കാന്‍ റൂസ അധികൃതര്‍, നടത്തിപ്പ് ഏജന്‍സിയായ കെഎസ്ഐടിഐഎല്‍ അധികൃതരോടൊപ്പം സ്ഥല പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് എന്‍.ഐ.ടി അധികൃതരുടെ നേതൃത്വത്തിലുളള വിദഗദ്ധ സംഘവും ഭൂമി പരിശോധിച്ച്  സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു.

 രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനവും അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യംവച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടെ  ആരംഭിച്ച പദ്ധതിയാണ് റൂസ. കേരളത്തിലെ ആറു സര്‍വകലാശാലകളും 21 സര്‍ക്കാര്‍ കോളജുകളും റൂസ ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായിരുന്നു. ആദ്യഘട്ട നടത്തിപ്പിലെ മികവിനെ തുടര്‍ന്ന് സംസ്ഥാനത്തെ കൂടുതല്‍ സ്ഥാപനങ്ങളെ രണ്ടാംഘട്ട പദ്ധതിയിലേക്ക് ഭാഗമാക്കിയത്. ഇതിലൂടെയാണ് വയനാട്ടില്‍ മോഡല്‍ ഡിഗ്രി കോളജ് ആരംഭിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അംഗീകാരം നല്‍കിയത്. ഉയര്‍ന്ന അക്കാദമിക നിലവാരം ഉറപ്പാക്കുന്നതിനായി സ്ഥിരം അധ്യാപകരും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം, ലൈബ്രറി, ലാബ് ഉള്‍പ്പെടെയുളള സൗകര്യങ്ങളും ഇവിടെയുണ്ടാകും.

Leave A Reply

Your email address will not be published.

error: Content is protected !!