30 ഏക്കർ സ്ഥലത്ത് കിളങ്ങ് വിളകൃഷിക്ക് തുടക്കം കുറിച്ചു
ഭക്ഷ്യ സുരക്ഷ മുൻകരുതൽ കിളങ്ങ് വിളകൃഷിയുമായി തവിഞ്ഞാൽ കൃഷി ഭവൻ. കീസ്റ്റോൺ സന്നദ്ധ സംഘടനയുമായി ചേർന്ന് എസ്.വളവ് ഗോദാവരി കോളനിയിൽ 30 ഏക്കർ സ്ഥലത്ത് കിളങ്ങ് വിളകൃഷിക്ക് തുടക്കം കുറിച്ചു. കുടുംബശ്രീ – സ്വാശ്രയ സംഘങ്ങളുമായി ചേർന്നാണ് കൃഷി ആരംഭിക്കുന്നത്. കൊവിഡ് പശ്ചാതലത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായാണ് തവിഞ്ഞാൽ കൃഷിഭവൻ ഇത്തരമൊരു കിഴങ്ങ് വിളകൃഷിക്ക് തുടക്കം കുറിച്ചത്.ഗോദാവരി കോളനിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ കിഴങ്ങ് വിത്തുകൾ വിതരണം ചെയ്തു. കൃഷി ഓഫീസർ കെ.ജി.സുനിൽ, ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് ബാബു, കീസ്റ്റേൺ സ്റ്റേറ്റ് പ്രോഗ്രാം കോ-ഓഡിനേറ്റർ കെ.ജി.രാമചന്ദ്രൻ, വി.മുഹമദ് റാഫി, ടി.കെ.ബിജിഷ്ണ, എസ്.ടി.പ്രമോട്ടർ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.ചേന, ഇഞ്ചി, കാച്ചിൽ, പയർ തുടങ്ങിയ വിത്തുകളാണ് വിതരണം ചെയ്തത്. കീസ്റ്റോൺ ഫൗണ്ടേഷൻ ഒരു ലക്ഷത്തി പതിനയ്യായിരം രൂപയാണ് കിഴങ്ങ് വിളകൃഷിക്കായി ചിലവഴിക്കുന്നത്. ഇത്തരത്തിൽ മറ്റ് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പഞ്ചായത്തിൽ മറ്റ് പ്രദേശങ്ങളിലും ഇത്തരം പദ്ധതികൾ നടപ്പാക്കുമെന്നും കൃഷി ഓഫീസർ പറഞ്ഞു.