കോളനിക്കാര്‍ ആശ്രയിക്കുന്ന ചെക്ക്ഡാമില്‍ ചെളിനിറഞ്ഞതും പൈപ്പുകള്‍ വന്യമൃഗങ്ങള്‍ പൊട്ടിച്ചതുമാണ് ഇവരുടെ കുടിവെള്ളം മുട്ടാന്‍ കാരണമായത്.നിരവധി തവണ പ്രശ്നം അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.വൈത്തിരി പഞ്ചായത്ത് 5-ാം വാര്‍ഡിലെ ഐഎച്ഡിപി കോളനിയിലെ 300ല്‍ പരം കുടുംബങ്ങളാണ് താമസിക്കുന്നത്.കോളനിയിലേക്കുള്ള കുടിവെള്ള സ്രോതസ്സാണ് വെങ്ങാത്തോട് എസ്റ്റേറ്റിലെ ചെക്ക് ഡാം.ഇതില്‍ നിറയുന്ന വെള്ളം പൈപ്പിട്ട് കോളനികളിലേക്ക് എത്തിക്കുകയാണ് ചെയ്യുക.എന്നാല്‍ ചെക്ക്ഡാമില്‍ ചെളിയും മറ്റും അടിയുന്നതിനാല്‍ ഇവിടെ നിന്നും വെള്ളം എടുക്കാന്‍ പലപ്പോഴും സാധിക്കാറില്ല.പ്രദേശത്തെ ചെറുപ്പക്കാര്‍ ചേര്‍ന്ന് ചെക്ക്ഡാം പലതവണ വൃത്തിയാക്കിയെങ്കിലും ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വെള്ളം എത്തിക്കുന്ന പൈപ്പുകള്‍ പൊട്ടിക്കുന്നതും ഇവരുടെ കുടിവെള്ളം മുട്ടിക്കുകയാണ്.ഒലിവുമല,വെങ്ങത്തോട് പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളും ഈ ചെക്ക്ഡാമിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫണ്ട് പാസായിട്ടുണ്ടെന്ന് പറയുന്നതല്ലാതെ മറ്റ് നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.എത്രയും പെട്ടെന്ന് കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.