കൊറോണ:ജില്ലയില്‍ 112 പേര്‍ കൂടി നിരീക്ഷണത്തില്‍.

0

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 112 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 509 ആയി. മുപ്പത് പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 6 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. കണ്ണൂരില്‍ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കത്തിലുള്ള 5 പേരുടെയും മലപ്പുറത്ത് രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കത്തിലുള്ള ഒരാളുടെയുമാണ് പരിശോധന ഫലം ലഭിക്കാനുള്ളത്. വീടുകളില്‍ നിരീക്ഷണത്തിലുള്ള രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരും, വിദേശത്തു നിന്നെത്തിയവരും ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് നിരീക്ഷണകാലം പൂര്‍ണ്ണമായും വീടുകളില്‍ തന്നെ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. ജില്ലയിലെ അന്തര്‍ സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നടത്തിയ സ്‌ക്രീനിംഗില്‍ 1787 വാഹനങ്ങളിലെത്തിയ 4868 യാത്രക്കാരെ പരിശോധിക്കുകയും പനി കണ്ടെത്തിയ 8 യാത്രക്കാരില്‍ 6 പേരെ ആശുപത്രികളിലേയ്ക്ക് റഫര്‍ ചെയ്യുക്കുകയും ചെയ്തിട്ടുണ്ട്. പനി, ജലദോഷം, ചുമ , തൊണ്ടവേദന, ശ്വാസ തടസ്സം എന്നീ രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച് അവരുടെ നിര്‍ദേശ പ്രകാരം മാത്രം ചികിത്സ തേടുക. നേരിട്ട് ആശുപത്രിയിലോ ക്ലിനിക്കിലോ സന്ദര്‍ശിക്കരുതെന്നും അവര്‍ പറഞ്ഞു.
ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. അയല്‍ ജില്ലയായ കര്‍ണ്ണാടകയിലെ കുടകില്‍ കൊറോണ രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിന്നുള്ളവര്‍ കുടകിലേക്ക് ജോലിയ്ക്കായി പോകരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കുട്ട, ബാവലി ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. ജില്ലയില്‍ നിന്നുള്ള പൊതു ഗതാഗതം കര്‍ണ്ണാടക അതിര്‍ത്തി വരെ മാത്രമായി സര്‍വ്വീസ് ചുരുക്കും. എല്ലാ ചെക്ക്പോസ്റ്റുകളിലും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പരിശോധന കര്‍ശനമാക്കും. ജില്ലാ പഞ്ചായത്തിന്റെ ദുരന്ത നിവാരണ സേനയ്ക്ക് ആരോഗ്യ മേഖലയില്‍ പ്രത്യേക പരിശീലനം നല്‍കും. ഡോക്ടര്‍മാര്‍ക്ക് വെന്റിലേഷന്‍ പരിശീലനം നല്‍കാനും തീരുമാനിച്ചു. ജില്ലയിലെ വിവിധ കൊറോണ കെയര്‍ സെന്ററുകളിലായി 175 കിടക്കകള്‍ സജ്ജീകരിച്ചു. അത്യാവശ്യ ഘട്ടത്തില്‍ റിസോര്‍ട്ടുകള്‍, കോളേജുകള്‍, വിദ്യാലയങ്ങള്‍ എന്നിവയും കെയര്‍ സെന്ററുകളാക്കി മാറ്റാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.
ആദിവാസി മേഖലയില്‍ രോഗ വ്യാപനം തടയുന്നതിനായി കോളനികള്‍ കേന്ദ്രീകരിച്ച് കുടുംബശ്രീ പ്രത്യേക നിരീക്ഷണം നടത്തും. അത്യാവശ്യഘട്ടത്തില്‍ കോളനികളിലേക്ക് ഭക്ഷണധാന്യങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ച് നല്‍കും. കോളനികള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രൈബല്‍ പ്രമോട്ടേഴ്സ്, ആശ പ്രവര്‍ത്തകര്‍, അയല്‍ക്കൂട്ടം എന്നിവരെ നിയോഗിക്കും. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ പഞ്ചിംഗ് നിര്‍ബന്ധമായും ഒഴിവാക്കണമെന്നും കളക്ടര്‍ പറഞ്ഞു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങള്‍ പൊതു ഇടങ്ങളും ഓഫീസുകളും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങണം.

Leave A Reply

Your email address will not be published.

error: Content is protected !!