കവുങ്ങില്‍ നിന്നും വീണ് നട്ടെല്ലിന് ക്ഷതം പറ്റി പതിനാറ് വര്‍ഷക്കാലമായി കിടപ്പിലായ മകനെ, ജോലിക്ക് പോലും പോകാതെ പരിചരിക്കുന്ന മാതാവിനെ വനിതാ ദിനത്തില്‍ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് ആദരിച്ചു. തരിയോട് കളരിക്കോട്കുന്ന് കൃഷ്ണന്റെ മാതാവ് ശാന്തയെയാണ് ആദരിച്ചത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി പൊന്നാട അണിയിച്ചു. പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷനായിരുന്നു.
2014ല്‍ ആണ് കൃഷ്ണന്‍ തൊഴിലിനിടെ കവുങ്ങില്‍ നിന്നും വീണ് നട്ടെല്ലിന് ക്ഷതമേറ്റത്. ചികിത്സകള്‍ ഫലിക്കാത്തതിനാല്‍ നീണ്ട പതിനാറ് വര്‍ഷക്കാലമായി കിടപ്പിലാണ് കൃഷ്ണന്‍. നെഞ്ചിന് താഴോട്ട് പൂര്‍ണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട കൃഷ്ണന്റെ എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുന്നത് ഇവരാണ്. കിടപ്പിലാണെങ്കിലും ഏറെ ആത്മവിശ്വാസമുള്ള കൃഷ്ണന്‍ മുമ്പ് സോപ്പ് പൊടി നിര്‍മ്മിച്ച് ചെറിയ വരുമാനമുണ്ടാക്കിയിരുന്നു. വില്‍പ്പന കുറഞ്ഞതോടെ അത് നിര്‍ത്തുകയായിരുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കും ഈ അമ്മ സഹായങ്ങളുമായി കൂടെയുണ്ട്. കൃഷ്ണനെ കൂടാതെ പദ്മനാഭന്‍, സുരേഷ്, വാസു എന്നീ മക്കളുമുണ്ട് ശാന്തക്ക്. കൂലിപ്പണിക്കായ ഭര്‍ത്താവ് തൊമ്മനും സഹായങ്ങളുമായി കൂടെയുണ്ട്. സെക്രട്ടറി എം ശിവാനന്ദന്‍, ശാന്തി അനില്‍, പി കെ മുസ്തഫ, അനില്‍കുമാര്‍, സലീം വാക്കട തുടങ്ങിയവര്‍ സംബന്ധിച്ചു