അപ്പീല്‍ ലാന്റ് റവന്യുകമ്മീഷണര്‍ തള്ളി
വിവാദമായ ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ നല്‍കിയ അപ്പീല്‍ ലാന്റ് റവന്യുകമ്മീഷണര്‍ തള്ളി.എസ്റ്റേറ്റ് ഏറ്റെടുത്തു കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ അവകാശികളെന്ന പേരില്‍ മൈക്കിള്‍ ഫ്ളോയിഡ് ഈശ്വറും മെറ്റില്‍ഡ ടില്ലി ഗിഫോര്‍ഡുമാണ് അപ്പീല്‍ നല്‍കിയത്.2018ലാണ് ഭൂമി ഏറ്റെടുത്ത് കൊണ്ട് കളക്ടര്‍ ഉത്തരവിറക്കിയത്.ഭൂമിയുടെ യഥാര്‍ത്ഥ ഉടമയായിരുന്ന എഡ്വവിന്‍ ജോബേര്‍ട്ട് വാനിങ്കന്‍ 2013 ല്‍ മരണപ്പെട്ടതോടെ ഇയാള്‍ക്ക് അവകാശികളോ ബന്ധുക്കളോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. 1964 ലെ കേരള അന്യം നിന്നതും നഷ്ടപ്പെട്ടതുമായ വസ്തുക്കള്‍ സംബന്ധിച്ച നിയമപ്രകാരം ഭൂമി അവകാശികളില്ലാത്ത ഭൂമിയായി പരിഗണിച്ച് സര്‍ക്കാരിലേക്ക് ഏറ്റെടുക്കാവുന്നതാണെന്നായിരുന്നു അന്നത്തെ ജില്ലാ കളകടര്‍ കേശവേന്ദ്രകുമാര്‍ കണ്ടെത്തിയത.അവകാശവാദികള്‍ക്കായി നല്‍കിയ സാവകാശ സമയത്തില്‍ അവകാശം തെളിയിക്കാന്‍ രണ്ട് പേര്‍ക്കും സാധിച്ചിരുന്നില്ല.തുടര്‍ന്ന് 2018 ല്‍ ഭൂമി ഏറ്റെടുത്ത് കൊണ്ട് കളക്ടര്‍ ഉത്തരവിറക്കി.ഇതിനെതിരെയാണ് അവകാശികള്‍ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയത്.2019 ആഗസ്തിലാണ് അപ്പീല്‍ കക്ഷികളെയും ജില്ലാ കളക്ടരുടെ പ്രതിനിധിയായി മാനന്തവാടി താലൂക്കിലെ ജൂനിയര്‍സൂപ്രണ്ടിനെയും നേരില്‍ വിസ്തരിച്ചത്.എന്നാല്‍ ജില്ലാ കളക്ടറുടെ ഉത്തരവിനെ റദ്ദാക്കാന്‍ പര്യാപ്തമായ തെളിവുകളൊന്നും ഇരുവര്‍ക്കും ഹാജരാക്കാന്‍ കഴിഞ്ഞില്ല.പരിശോധനകളില്‍ സ്ഥലമുടമ വാനിങ്കന്‍ നിയമാനുസൃതമുള്ള വില്‍പ്പത്രം എഴുതാതെയാണ് മരണപ്പെട്ടതെന്നും അദ്ദേഹത്തിന് നിയമാനുസൃതമുള്ള അവകാശികളില്ലെന്നും കണ്ടെത്തി. അദ്ദേഹത്തിന്റെ മരണ സമയത്തും എസ്റ്റേറ്റിന്റെ പൂര്‍ണ്ണ അവകാശി അയാള്‍ മാത്രമായിരുന്നെന്നും ട്രൈബ്യൂണലിന് ബോധ്യപ്പെട്ടു.ഇതിന്റെയടിസ്ഥാനത്തിലാണ് അവകാശികളായെത്തിയവരുടെ അപ്പീലുകള്‍ തള്ളിയത്.രണ്ട് മാസത്തിനകം സംസ്ഥാനസര്‍ക്കാരിനെ പരാതിക്കാര്‍ക്ക് സമീപിക്കാമെങ്കിലും മറിച്ചൊരു തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല.