വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസമായി ജില്ലയില്‍ നടത്തിവന്ന പുസ്തകവണ്ടി പര്യടനം മുട്ടിലില്‍ സമാപിച്ചു. മുട്ടില്‍ പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ഹസീന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച്ച തരുവണ ജിഎച്ച്എസ് സ്‌കൂളില്‍ നിന്നാണ് പുസ്തകവണ്ടിയുടെ പര്യാടനം ആരംഭിച്ചത്. കഥകള്‍ പറഞ്ഞും, കവിത ചൊല്ലിയും, പുസ്തക പ്രദര്‍ശനം നടത്തിയും, വിദ്യാലയങ്ങളിലെ വായനാ ക്ലബ് അംഗങ്ങളെ പരിചയപ്പെട്ടുമാണ് പുസ്തകവണ്ടി ജില്ലയില്‍ പര്യാടനം നടത്തിയത്. സമാപന സമ്മേളനത്തില്‍ വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബാബുരാജ് അദ്ധ്യക്ഷനായിരുന്നു.
സാഹിത്യകാരന്‍ ഹാരീസ് നെന്‍മേനി സാഹിത്യ പ്രഭാഷണം നടത്തി. കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ സമകാലിക ചിന്ത പ്രഭാഷണം നടത്തി. സംസ്ഥാന കലോത്സവ ജേതാവ് അനുശ്രീ, മുട്ടില്‍ ലൈബ്രറി നേതൃസമിതി ചെയര്‍മാന്‍ എ കെ മത്തായി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം അസീസ്, എം.കെ ജെയിംസ് എന്നിവര്‍ സംസാരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍, ജില്ലാ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍, എഴുത്തുകാര്‍, വയനാട്ടിലെ പ്രശസ്തരായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുത്തു.