ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വീടുകളിലെ പ്രസവം ഒഴിവാക്കാന്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് സമീപം ഗര്‍ഭകാല ഗോത്ര മന്ദിരം നിര്‍മ്മിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണികളായ യുവതികള്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍ പ്രസവ ശുശ്രൂഷയ്ക്കും ആരോഗ്യ പരിപാലനത്തിനുമായാണ് ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നത്. ജില്ലയിലെ ഏഴ് മന്ദിരങ്ങളാണ് ആദ്യഘട്ടത്തില്‍ ഒരുങ്ങുന്നത്. ഗര്‍ഭിണികളായ ആദിവാസി യുവതികള്‍ക്ക് പ്രസവത്തിന് മുമ്പും പിന്നീടും ശുശ്രൂഷ ആവശ്യമാകുന്ന സാഹചര്യത്തില്‍ കുടുംബാംഗത്തോടൊപ്പം ഇവിടെ താമസിക്കാം. ഗോത്ര മന്ദിരത്തില്‍ ഒരേ സമയം രണ്ട് ഗര്‍ഭിണികള്‍ക്കും വനിതാ കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ളതാണ്. വയനാട്ടില്‍ വീടുകളിലെ പ്രസവം മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്. പ്രതിമാസം ആറോളം പ്രസവങ്ങള്‍ ഇത്തരത്തില്‍ നടക്കുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി അന്തരീക്ഷത്തിനോട് പ്രസവ സമയത്ത് പൊരുത്തപ്പെടാനുളള മാനസിക പ്രശ്നങ്ങളാണ് ആദ്യ പ്രസവത്തിന് ശേഷം ഇവര്‍ വീടുകളില്‍ തന്നെ അടുത്ത പ്രസവം നടത്താന്‍ തയ്യാറാക്കുന്നതിന് കാരണമായി കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഗര്‍ഭകാല ഗോത്ര മന്ദിരം പദ്ധതി ആവിഷ്‌ക്കരിച്ചത്.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ച ആറ് ലക്ഷം രൂപ ചെലവിലാണ് വാഴവറ്റ ആരോഗ്യ കേന്ദ്രത്തിനോട് ചേര്‍ന്ന് മന്ദിരം നിര്‍മ്മിച്ചത്. പഞ്ചായത്ത് പ്രൊജക്ട് ഫണ്ട്, ഐ.സി.ഡി.എസ് ഫണ്ട്, ട്രൈബല്‍ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് ഗോത്ര മന്ദിരത്തിരത്തിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. കുടുംബശ്രീ യൂണിറ്റുകളാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളും മന്ദിരത്തിലുണ്ടാവും. ജില്ലയില്‍ എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധിക്കാത്ത കോളനികളിലെ ദിവസേന പരിശോധന ആവശ്യമായി വരുന്ന ഗര്‍ഭിണികള്‍ക്ക് മാത്രമാണ് മന്ദിരത്തില്‍ പരിപാലനം ലഭിക്കുക. അവരെ പ്രസവ ദിവസത്തിന് മുമ്പായി ആശുപത്രിയിലേക്ക് മാറ്റും. അത്യാസന്ന നിലയിലുള്ള ഗര്‍ഭിണികളെ മന്ദിരത്തില്‍ പാര്‍പ്പിക്കില്ല.
ജില്ലയില്‍ ആദ്യഘട്ടത്തില്‍ 7 മന്ദിരങ്ങള്‍ക്കാണ് പ്രവര്‍ത്തന അനുമതി ലഭിച്ചിട്ടുളളത്. നൂല്‍പ്പുഴ,വാഴവറ്റ,അപ്പപ്പാറ,വൈത്തിരി എന്നീ ആശുപത്രികള്‍ക്ക് സമീപത്താണ് ഇവ നിര്‍മ്മിക്കുന്നത്. 70 ലക്ഷം രൂപ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ചിട്ടുണ്ട്. ഗോത്രവീടുകളുടെ മാതൃകയില്‍ ഹാബിറ്റാറ്റ് ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഭരതന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.മിനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക, ഡോ.സമീഹ സെയ്തലവി തുടങ്ങിയവര്‍ സംസാരിച്ചു.