ഉത്തരേന്ത്യയിലേക്കുള്ള ചരക്കുനീക്കം ഗണ്യമായി കുറഞ്ഞത് ലോറി വ്യവസായ മേഖലയ്ക്ക് തിരിച്ചടിയാവുന്നു. പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉടലെടുത്ത പ്രതിഷേധ സമരങ്ങളാണ് ചരക്കുനീക്കത്തെ കാര്യമായി ബാധിച്ചത്. ഇതോടെ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളും ബുദ്ധിമുട്ടിലായി.
പൗരത്വ നിയമത്തില്‍ ഭേദഗതി വന്നതിനുശേഷം കാര്യമായ ചരക്കുനീക്കം ഇതുവരെ ഉണ്ടായിട്ടില്ല.ഈ സമയങ്ങളില്‍ കുരുമുളക്, ഇഞ്ചി, ചുക്ക്, പൈനാപ്പിള്‍ അടക്കമുള്ളവയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കയറിപ്പോയിരുന്നത്. എന്നാല്‍ പ്രക്ഷോഭങ്ങളും സമരങ്ങളും നിത്യസംഭവമായതോടെ ആരും ചരക്കെടുക്കാന്‍ തയ്യാറാവുന്നില്ല. ഇത് മലബാര്‍ മേഖലയിലെ പ്രത്യേകിച്ച് വയനാട് ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് വന്‍ തിരിച്ചടിയാവുന്നതിനോടൊപ്പം ലോറി വ്യവസമായ മേഖലയ്ക്കും തിരിച്ചടിയായിരിക്കുകയാണ്. കാര്‍ഷിക ഉല്‍്പ്പന്നങ്ങള്‍ കയറിപ്പോകാത്തത് വിലകുയറാന്‍ കാരണമാകുന്നതും കാര്‍ഷികമേഖലയ്ക്ക് തിരിച്ചടിയാവും. കൂടാതെ ലോറി വ്യവസായ മേഖലയെ മാത്രം ആശ്രയിച്ച് ജില്ലയില്‍ അയ്യായിരത്തോളം കുടുംബങ്ങളാണ് കഴിയുന്നത്. ഇവരുടെ ജീവിതവും ചരക്കുനീക്കം ഗണ്യമായി കുറഞ്ഞതോടെ ബുദ്ധിമുട്ടിയിലായിരിക്കുകയാണ്.