പെന്‍ ബൂത്ത് ഇനി വിദ്യാലയങ്ങളിലും: ആദ്യഘട്ടത്തില്‍ 70 സ്ഥാപനങ്ങളില്‍

0

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പെന്‍ ബൂത്ത് പദ്ധതി ഇനി വിദ്യാലയങ്ങളിലും. ആദ്യഘട്ടത്തില്‍ ജില്ലയിലെ 60 സ്‌കൂളുകളിലും 10 കോളേജുകളിലുമടക്കം 70 സ്ഥാപനങ്ങളിലാണ് പെന്‍ബൂത്തുകള്‍ സ്ഥാപിക്കുക. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ പുനചംക്രമണത്തിന് കൈമാറുകയും ശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതികളും തരംതിരിക്കലും കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌ക്രാപ് മെര്‍ച്ചന്റ്സ് പ്രാദേശിക ഘടകത്തിന്റെ സഹായത്തോടെ നല്‍കുന്ന ബോക്സില്‍ അതാത് സ്‌കൂളുകളുടെ നേതൃത്വത്തില്‍ ഉപയോഗശൂന്യമായ പേന ശേഖരിക്കുകയും ബോക്സ് നിറയുന്ന മുറയ്ക്ക് പുനചംക്രമണത്തിന് കൈമാറുകയും ചെയ്യും. പ്ലാസ്റ്റിക്ക് പേനയുടെ ഉപയോഗം കുറച്ചു മഷിപ്പേനയിലേക്ക് മാറുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷന്‍, കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അരുത,് വലിച്ചെറിയരുത്,കത്തിക്കരുത് എന്ന സന്ദേശവുമായി ശാസ്ത്രീയ മാലിന്യ സംസ്‌കരണ ക്യാമ്പയിനും ഇതോടൊപ്പം നടത്തുന്നുണ്ട്.

ജില്ലാതല ഉദ്ഘാടനം എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി നസീമ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി എ. ദേവകി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് വിദ്യാര്‍ത്ഥികള്‍ക്ക് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹരിത കേരള മിഷന്‍ റിസോഴ്സ് പേഴ്സണ്‍ എന്‍.കെ രാജന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എ.കെ രാജേഷ്, കൗണ്‍സിലര്‍ അജി ബഷീര്‍, കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.സി ബാവ, എസ.്കെ.എം.ജെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍, പി.ടി.എ പ്രസിഡന്റ് നൗഷാദ് പി.സി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!