ലൈഫ് കുടുംബ സംഗമം;പതിനായിരത്തലധികം പേര്‍ പങ്കെടുക്കും

0

ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടുകള്‍ ലഭിച്ചവരുടെ മെഗാ കുടുംബമേളയ്ക്ക് ജില്ലയൊരുങ്ങി. ഡിസംബര്‍ അവസാന വാരത്തിലാണ് പതിനായിരത്തിലധികം ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് ജില്ലയില്‍ ഏഴിടങ്ങളിലായി മേള നടക്കുക.ജില്ലയില്‍ 11227 കുടുംബങ്ങള്‍ക്കാണ് ലൈഫ് പദ്ധതിയിലൂടെ വീടുകള്‍ ലഭ്യമായത്.ജില്ലാതലത്തിലും ബ്ലോക്ക്,നഗരസഭ അടിസ്ഥാനത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്. ബ്ലോക്ക്,നഗരസഭ സംഗമങ്ങള്‍ പൂര്‍ത്തിയായിന് ശേഷം ജില്ലാതലത്തിലും നടക്കും. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടത്തും. ഇതിന് മുന്നോടിയായാണ് ജില്ലകളില്‍ ഗുണഭോക്താക്കളുടെ സംഗമം നടത്തുന്നത്. സംഗമത്തോടൊപ്പം ഇവര്‍ക്കായി വിവിധ വകുപ്പുകളുടെ സേവനം നല്‍കുന്നതിനായി അദാലത്തും ഒരുക്കുന്നുണ്ട്. വീടിനൊപ്പം ഗുണഭോക്താക്കള്‍ക്ക് ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്താനുളള അവസരം ഒരുക്കുകയാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാന വകുപ്പുകള്‍ ഗുണഭോക്താക്കള്‍ക്ക് വിവിധ പദ്ധതികളെക്കുറിച്ച് അവബോധം നല്‍കുന്നതിന് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കുടിവെള്ള പൈപ്പ് കണക്ഷന്‍, വൈദ്യുതി തുടങ്ങിയുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തിലൂടെ പരിഹരിക്കാം. ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. കല്‍പ്പറ്റ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തിയായത്. 3378 വീടുകളാണ് ഇവിടെ നിര്‍മ്മിച്ചത്. പനമരം ബ്ലോക്ക് (1918), മാനന്തവാടി ബ്ലോക്ക് (2277),സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് (1542), മാനന്തവാടി നഗരസഭ (823), സുല്‍ത്താന്‍ ബത്തേരി നഗരസഭ (666),കല്‍പ്പറ്റ നഗരസഭ (623) എന്നിങ്ങിനെയാണ് മറ്റിടങ്ങളിലെ നിര്‍വ്വഹണ പുരോഗതി.കുടുംബ സംഗമത്തിന് മുന്നോടിയായി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗീസ്, തൊഴിലുറപ്പ് പദ്ധത് ജോയ്ന്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.ജി. വിജയകുമാര്‍, പി.എ.യു. പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!