സി.കെ ശശീന്ദ്രന്‍ എം എല്‍ എ മന്ത്രിയായേക്കും

0

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സിപിഎം മന്ത്രിമാരില്‍ മാറ്റത്തിന് സാധ്യത.സി.കെ ശശീന്ദ്രന്‍എം എല്‍ എ മന്ത്രിയായേക്കുമെന്നും സൂചന. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുന:സംഘടിപ്പിക്കാനാണ് നീക്കം.

സംസ്ഥാനത്തെ ഏറ്റവും ലളിത ജീവിതത്തിനുടമയായ കല്‍പ്പറ്റ എം.എല്‍.എയായ സി.കെ ശശീന്ദ്രനെ മന്ത്രിയാക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ശശീന്ദ്രന്‍ ഉള്‍പ്പെടെ ഏതാനും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുന:സംഘടിപ്പിക്കാനാണ് നീക്കം. യുവാക്കളുടെ പ്രാതിനിധ്യവും ആലോചിക്കുന്നു. തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറും, തൃപ്പൂണിത്തുറ എം.എല്‍.എ എം.സ്വരാജും പരിഗണിക്കപ്പെടുന്നവരില്‍ ചിലരാണ്. കാലാവധി തീരാന്‍ 17 മാസം മാത്രം ബാക്കി നില്‍ക്കെയാണ് മന്ത്രിസഭയില്‍ പിണറായി സര്‍ക്കാര്‍ പുനഃസംഘടനക്കൊരുങ്ങുന്നത്. മന്ത്രിസഭയിലെ ചില സിപിഎം മന്ത്രിമാരെയാകും മാറ്റുക. ടൂറിസം മന്ത്രി എ.സി.മൊയ്തീനും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത വര്‍ഷം നടക്കാനുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മുഖം മിനുക്കലാണിത്. വനിതാ മന്ത്രിമാരായ കെ.കെ.ശൈലജയും ജെ.മേഴ്‌സിക്കുട്ടിയമ്മയും സ്ഥാനത്ത് തുടരും. കൂടാതെ ഒരു വനിതാ മന്ത്രിയെ കൂടി ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. കൊട്ടാരക്കര എംഎല്‍എ ആയിഷാ പോറ്റിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം 20-ല്‍ നിന്ന് 21 ആയി ഉയരും. ധനമന്ത്രി തോമസ് ഐസക്, വൈദ്യുതി മന്ത്രി എം.എം.മണി, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ തുടങ്ങിയവര്‍ സ്ഥാനത്ത് തന്നെ തുടരും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും. ഇതിനിടെ ബാലകൃഷ്ണപിള്ളയുടെ നിരന്തര ആവശ്യം പരിഗണിച്ച് കെ.ബി.ഗണേഷ് കുമാറിന് മന്ത്രിപദം നല്‍കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇതിലൂടെ സര്‍ക്കാരുമായി അകന്ന് നില്‍ക്കുന്ന എന്‍എസ്എസിനെ അടുപ്പിക്കാനാകുമെന്നും കണക്ക്കൂട്ടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!