സെപ്റ്റിക് മാലിന്യങ്ങള്‍ സമീപത്തെ പുഴയിലേക്കൊഴുക്കിയെന്ന് പരാതി. മേപ്പാടി താഞ്ഞിലോട് ജങ്കിള്‍ ബീറ്റ്‌സ് റിസോര്‍ട്ട് ഗ്രാമപഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി.നാലു വര്‍ഷത്തിലധികമായി താഞ്ഞിലോട് പുഴയോരത്ത് പ്രവര്‍ത്തിച്ചുവരുന്ന തൃശ്ശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടാണ് അടച്ചുപൂട്ടിയത്.
മേപ്പാടി പഞ്ചായത്ത് 8ാം വാര്‍ഡില്‍പ്പെട്ട താഞ്ഞിലോട് പ്രവര്‍ത്തിച്ചു വരുന്ന റിസോര്‍ട്ടില്‍ നിന്നാണ് മാലിന്യങ്ങള്‍ പുഴയിലേക്കൊഴുക്കിയത്. കുപ്പച്ചി കോളനിയിലെ കുടുംബങ്ങളടക്കം പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ പുഴയിലെ വെള്ളം കുടിയ്ക്കാനും മറ്റ് വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിച്ചുവരുന്നതാണ്. മാലിന്യം കലര്‍ന്നത് അറിയാതെ ആഴ്ചകളായി പുഴവെള്ളം ഉപയോഗിച്ചതുമൂലം കുട്ടികള്‍ക്കെല്ലാം പലവിധ അസുഖങ്ങള്‍ ബാധിച്ചിരുന്നു.
ഇതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് റിസോര്‍ട്ടിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞുകവിഞ്ഞ് മാലിന്യങ്ങള്‍ പുഴയിലേക്കൊഴുക്കുന്നതായി കണ്ടെത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പരാതി ഉയര്‍ന്നയുടന്‍ സ്ഥലത്ത് പരിശോധന നടത്തുകയും പരാതി ശരിയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. സീനിയര്‍ ക്ലര്‍ക്ക് ജിയാസ്,ക്ലര്‍ക്കുമാരായ അബ്ദുള്‍ ലത്തീഫ് ദിബിന്‍.എംഎം ബിജു എന്നിവരാണ് ഉദ്യോഗസ്ഥസംഘത്തിലുണ്ടായിരുന്നത്.