വേട്ടക്കാരില്‍ നിന്ന് ഓടി കാട്ടുപന്നി കിണറ്റിലേക്ക്
പുതുശ്ശേരി പൊള്ളാമ്പാറ ആയുര്‍വേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന വട്ടക്കണ്ടം വി.കെ ദേവസ്യയുടെ ആള്‍മറയില്ലാത്ത കിണറ്റിലാണ് പന്നി അകപ്പെട്ടത്. വീട്ടിലേക്കുള്ള വെള്ളം നിലച്ചതിനെ തുടര്‍ന്ന് വീടിനു സമീപത്തെ കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് പന്നി കിണറ്റില്‍ അകപ്പെട്ടതായി കണ്ടത്. ഇടതു കണ്ണിനോട് ചേര്‍ന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു പന്നി ഉണ്ടായിരുന്നത്.അറ്റം ഒടിഞ്ഞ രണ്ട് അമ്പുകളും കിണറ്റില്‍ കാണാമായിരുന്നു.വേട്ടയാടപ്പെട്ടപ്പോള്‍ കിണറ്റില്‍ അകപ്പെട്ടതാകാമെന്ന് പരിസര വാസികള്‍ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോറോത്തു നിന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. ബത്തേരിയില്‍ നിന്ന് കൂടുതല്‍ സംവിധാനം എത്തിച്ചു.രാത്രി 8 മണിയോടെയാണ് പന്നിയെ കരക്ക് കയറ്റിയത്. ഒരു ക്വിന്റലോളം തൂക്കം വരുന്ന പന്നിയെ പെരിഞ്ചേരി മലയില്‍ തുറന്നു വിടുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.