സിസ്റ്റര്‍ ലൂസി നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി, മഠത്തില്‍ തുടരുമെന്ന് സിസ്റ്റര്‍.
മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടിയ്ക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സിസ്റ്റര്‍ ലൂസി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാണിച്ചുള്ള വത്തിക്കാനില്‍ നിന്നുള്ള മറുപടിക്കത്ത് മഠം അധികൃതര്‍ ഒപ്പിട്ടുവാങ്ങി.
എന്നാല്‍ താന്‍ മഠത്തില്‍നിന്ന് ഇറങ്ങില്ലെന്നും പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പരസ്യമായി പിന്തുണച്ചതിന്റെ പേരിലാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ്(എഫ്സിസി) സഭാഅംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കിയത്.ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളില്‍നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് ലൂസി കളപ്പുരയ്ക്കലിനെതിരെ സന്യാസ സഭ ചുമത്തിയിരുന്നത്. ഇക്കാര്യങ്ങള്‍ ചെയ്തതില്‍ നിന്നും സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം.നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം നിരസിച്ചു തുടങ്ങിയവയാണ് പുറത്താക്കലിന് കാരണമായി സഭ ചൂണ്ടിക്കാണിക്കുന്നത്. മെയ് 11 ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എല്ലാവരും ഏകകണ്ഠമായി ലൂസി കളപ്പുരയ്ക്കലിനെതിരെ വോട്ട് ചെയ്യുകയായിരുന്നു.കത്തോലിക്ക സഭ എപ്പോഴും നീതിക്കൊപ്പമല്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര കഴിഞ്ഞ ദിവസം കൊച്ചിയില്‍ പ്രതികരിച്ചിരുന്നു. ഇരയ്ക്കൊപ്പം നില്‍ക്കാന്‍ സഭ തയ്യാറാകണമെന്നും കന്യാസ്ത്രീ സമൂഹത്തെയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ നോബിള്‍ തോമസിനെ പോലുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണ് സഭയെന്നും സിസ്റ്റര്‍ ലൂസി കുറ്റപ്പെടുത്തിയിരുന്നു. ഒരു ഫോണ്‍കോളില്‍ പോലും തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സഭ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് മഠത്തില്‍ തുടരാന്‍ അവകാശമുണ്ടെന്നും സി.ലൂസി പ്രതികരിച്ചു.