ആശങ്ക പടര്‍ത്തിയ വാട്‌സ് ആപ്പ് ശബ്ദ സന്ദേശം വ്യാജമെന്ന് പോലീസ് സ്ഥിരീകരിച്ചു
രക്ഷിതാക്കളിലും നാട്ടുകാരിലും ആശങ്ക പടര്‍ത്തി ,വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡില്‍ അജ്ഞാതന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന വാട്‌സ് ആപ്പ് ശബ്ദ സന്ദേശം വ്യാജമെന്ന് പോലീസ് സ്ഥിരീകരിച്ചു. സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍.
കഴിഞ്ഞ ദിവസമാണ് വെള്ളമുണ്ടയിലും പരിസരപ്രദേശങ്ങളിലും വാട്‌സപ്പ് ഗ്രൂപ്പുകളിലും വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡില്‍ താടി വെച്ച് ആരാള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായുള്ള വ്യാജ വോയിസ് മെസ്സേജ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഈ സംഭവം വ്യാജമാണെന്ന് തിരിച്ചറിയാതെ ലഭിച്ച മെസ്സേജ് ആളുകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലോ, നാട്ടുകാര്‍ക്കോ സംഭവത്തെ പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഇത്തരം ഒരു സംഭവം നടന്നതായി അറിവില്ല.ഈ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ആരെങ്കിലും പറയുന്നത് കേട്ട് കൃത്യമായി അന്വേഷിക്കാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.സംഭവത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുമെന്ന് വെള്ളമുണ്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് അറിയിച്ചു.