വയനാടിന് ഒപ്പമുണ്ടെന്ന് ഉറപ്പുനല്‍കി രാഹുല്‍ സമരപ്പന്തലില്‍

0

ദേശീയപാത 766 യാത്രാപ്രശ്‌നം വയനാടിന് ഒപ്പമുണ്ടെന്ന് ഉറപ്പുനല്‍കി രാഹുല്‍ ഗാന്ധി എംപി. വയനാടിനോട് മാത്രം വേര്‍തിരിവ് കാണിക്കുന്ന നടപടി പാടില്ലെന്നും രാഹുല്‍. കേസില്‍ സുപ്രീംകോടതിയില്‍ വിദഗ്ധനായ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിച്ചതായും രാഹുല്‍ ഉറപ്പ് നല്‍കി. ബത്തേരിയില്‍ യുവജനങ്ങള്‍ നടത്തുന്ന നിരാഹാര സമര പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ദേശീയപാത 766ലെ യാത്രാ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ യുവജന സംഘടനകള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. വയനാടിനോട് മാത്രം വിവേചനം കാണിക്കുന്ന നടപടി പാടില്ലെന്നും ഈ പ്രശ്‌നത്തില്‍ വയനാടിനോടൊപ്പം എപ്പോഴും ഉണ്ടാവും എന്നും രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി. പ്രശ്‌നപരിഹാരത്തിനായി സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്.പ്രശ്‌നത്തിന് പരിഹാര കാണാനാവുമെന്ന് പ്രതീക്ഷയുണ്ടന്നും അദ്ദേഹം പറഞ്ഞു.പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിച്ചതായും ഇതുസംബന്ധിച്ച് കേരള മുഖ്യമന്ത്രിയുമായും സംസാരിച്ചതായും രാഹുല്‍ പറഞ്ഞു.വയനാടിന്റെ പ്രശ്‌നം പരിഹരിക്കാന്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടായാണ് പ്രവര്‍ത്തിക്കുന്നത്. ഈ പ്രശ്‌നത്തില്‍ ബുദ്ധിപരമായും നിയമപരമായും ഇടപ്പെട്ട് പരിഹാരം കാണാന്‍ കഴിയും. അതിനുവേണ്ടി എല്ലാ പ്രവര്‍ത്തനവും തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. 10 മിനിറ്റ് സംസാരിച്ച രാഹുല്‍ തുടര്‍ന്ന് സമരക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 10 മിനിറ്റ് മൗനമാചരിച്ച് വേദിയിലുരുന്നു. സമരപന്തലില്‍ എത്തിയ ഉടനെ നിരാഹാരം അനുഷ്ഠിക്കുന്ന അഞ്ചുപേരെയും സമീപത്തെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷമാണ് രാഹുല്‍ വേദിയിലേക്ക് കയറിയത്. സമരപന്തലില്‍ എത്തുന്നതിന് മുമ്പ് ആദ്യഘട്ടത്തില്‍ നിരാഹാരം അനുഷ്ഠിച്ച് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ അഞ്ചുപേരെ സന്ദര്‍ശിക്കുകയും ചെയ്തു. രാഹുലിനൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എംപിമാരായ എം കെ രാഘവന്‍, പി. കെ കുഞ്ഞാലിക്കുട്ടി, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, എ പി അനില്‍കുമാര്‍ എം എല്‍ എ, പി സി വിഷ്ണുനാഥ്, പി സി മോഹനന്‍ മാസ്റ്റര്‍, സുരേഷ് താളൂര്‍, റ്റിജി ചെറുതോട്ടില്‍ തുടങ്ങിയവര്‍ രാഹുലിനൊപ്പം വേദി പങ്കിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!