പാതിതളര്‍ന്ന ശരീരവുമായി ജീവിതം നയിക്കുന്ന യുവാവിന് സുമനസുകളുടെ സഹായം വേണം. അമ്പലക്കുന്ന് കോളനിയിലെ കല്യാണിയുടെ മകന്‍ 35 കാരനായ സുരേഷാണ് പാതി തളര്‍ന്ന ശരീരവുമായി ജീവിതം തളളിനീക്കുന്നത്. പ്രായമായ അമ്മയും നാലു കൊച്ചുകുട്ടികളുമടങ്ങുന്ന കുടുംബമാണ് സുരേഷിന്റേത്. ചികിത്സക്കും ഒരുനേരത്തെ ആഹാരത്തിനും വക കണ്ടെത്താന്‍ അമ്മ തൊഴിലുറപ്പ് പണിക്ക് പോകേണ്ട അവസ്ഥയാണ്.
ഏഴുവര്‍ഷം മുമ്പുണ്ടായ ഒരു മൂത്രാശയ രോഗമാണ് സുരേഷിന്റെ ജീവിതം തകര്‍ത്തുകളഞ്ഞത്. ശരീരത്തിന്റെ ചലനശേഷിയെ രോഗം ബാധിച്ചതോടെ സുരേഷിന്റെ ജീവിതം ദുരിതങ്ങളുടെ നടുവിലായി. പലയിടത്തായി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട സുരേഷിന്റെ ജീവിതം നാലുചുവരുകള്‍ക്കുളളില്‍ ഒതുങ്ങി. അമ്പലക്കുന്ന് കോളനിയിലെ വീട്ടില്‍ അമ്മ കല്യാണിക്കൊപ്പമാണ് സുരേഷും നാലുമക്കളും താമസിക്കുന്നത്. ചലനശേഷി നഷ്ടപ്പെട്ടതോടെ സുരേഷിനെയും മക്കളെയുമുപേക്ഷിച്ച് ഭാര്യ പോയി. പരസഹായം കൂടാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത സുരേഷിനെയും, വിദ്യാര്‍ത്ഥികളായ നാലുമക്കളെയും നോക്കാന്‍ പാടുപെടുകയാണ് കല്യാണി. മാസത്തിലൊരിക്കല്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോകണം. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഓരോതവണയും പോയിവരുന്നത്. ചികിത്സക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഈ അമ്മയും മകനും.വീല്‍ചെയറുണ്ടെങ്കിലും വീട്ടിലേക്കുളള വഴിയിലൂടെ ഇത് കൊണ്ടുപോകാനാകില്ല. കല്ലുകള്‍ നിറഞ്ഞ ഈ വഴി നേരെയാക്കിയാല്‍ സ്വന്തമായി വീല്‍ചെയറില്‍ പോകാന്‍ സുരേഷിന് സാധിക്കും. ലോട്ടറി വില്‍പ്പനയോ മറ്റോ നടത്തി ജീവിക്കാനാകും. അതിന് സുമനസുകളുടെയും അധികൃതരുടെയും സഹായം കാത്തിരിക്കുകയാണ് സുരേഷും കുടുംബവും