നാല് പഞ്ചായത്തുകള്‍ തരിശു രഹിതമാക്കും

0

ജില്ലയിലെ നാല് പഞ്ചായത്തുകള്‍ ഹരിത കേരളം മിഷന്റെ ചാലഞ്ച് 2020 ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തി ഒക്ടോബര്‍ 31 നകം തരിശു രഹിതമായി പ്രഖ്യാപിക്കും. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന ഹരിത കേരളം മിഷന്‍ ടാസ്‌ക് ഫോഴ്സ് യോഗത്തിലാണ് തീരുമാനം. ഹരിത കേരളം മിഷന്റെ ജലം,കൃഷി,മാലിന്യ സംസ്‌കരണം എന്നീ മൂന്ന് ഉപമിഷനുകളുടെ കണ്‍സള്‍ട്ടന്റുമാര്‍ പ്രൊജക്ടുകള്‍ വിശദീകരിച്ചു. ഒക്ടോബര്‍ 31, മാര്‍ച്ച് 31 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി മൂന്ന് ഉപമിഷനുകളും നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്യാമ്പയിനാണ് ചാലഞ്ച് 2020. വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 37 ഓളം സ്ഥലങ്ങള്‍ പച്ചത്തുരുത്തിനായി കണ്ടെത്തി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൈകളുടെ നടീലും ആരംഭിച്ചിട്ടുണ്ട്. ജലം ഉപമിഷന്റെ ഭാഗമായി ബത്തേരി ബ്ലോക്കിലെ തിരഞ്ഞെടുത്ത പൊതു കുളങ്ങളില്‍ വാട്ടര്‍ സ്‌കെയിലുകള്‍ സ്ഥാപിക്കുകയും വാട്ടര്‍ ബഡ്ജറ്റിംഗ് നടപ്പിലാക്കുകയും ചെയ്യും. ജനപങ്കാളിത്തത്തോട് കൂടി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണ രംഗത്ത് നിലവില്‍ ജില്ല അഭിമുഖീകരിച്ച ചില സാങ്കേതിക പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുമെന്ന് ഹരിത കേരളം മിഷന്‍ ശുചിത്വ മാലിന്യ സംസ്‌കരണ ഉപമിഷന്‍ സംസ്ഥാന ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് പി.അജയകുമാര്‍ അറിയിച്ചു. പൊതുജനങ്ങളില്‍ മാലിന്യ പരിപാലന രീതികള്‍ പ്രചരിപ്പിക്കാനും നിയമ നടപടികള്‍ ബോധ്യപ്പെടുത്താനുമായി വിപുലമായ പ്രചരണ പരിപാടികള്‍ക്ക് ആഗസ്റ്റില്‍ തുടക്കം കുറിക്കും. ഹരിത നിയമ സാക്ഷരത എന്ന പേരില്‍ അറിയപ്പെടുന്ന ക്യാമ്പയിനില്‍ വാര്‍ഡ് തലം വരെ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യും.
ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.സി മജീദ് അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടിംപിള്‍ മാഗി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ്, കൃഷി അസി. പ്രിന്‍സിപ്പല്‍ ഓഫീസര്‍ രാജി വര്‍ഗീസ്, എന്‍.കെ രാജന്‍, ആര്‍. രവിചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, യങ്ങ് പ്രൊഫഷണല്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!