വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ നടപടി

0

വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ. വയോജന ജില്ലാ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ഇതിന്റെ ഭാഗമായി വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ച് പരാതികള്‍ കേള്‍ക്കും. അര്‍ഹമായ ഭക്ഷണം, മറ്റ് സൗകര്യങ്ങള്‍ എന്നിവ ലഭ്യമാകുന്നുണ്ടോ എന്നു പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു. വയോജനങ്ങള്‍ക്ക് പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയതായി ഡി.എം.ഒ ഡോ. ആര്‍.രേണുക യോഗത്തെ അറിയിച്ചു. സ്വകാര്യ ബസ്സുകളില്‍ 20 ശതമാനം സീറ്റ് നിര്‍ബന്ധമാക്കണമെന്നും ടയറിനു തൊട്ടു മുകളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റ് മാറ്റാന്‍ നടപടി വേണമെന്നും കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിനോദയാത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സാമൂഹ്യനീതി ഡയറക്ടറുടെ അനുമതിക്കായി കത്ത് നല്‍കാന്‍ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികളെ വിനോദ യാത്രയില്‍ പങ്കെടുപ്പിക്കും. വയോജന പെന്‍ഷന്‍ എല്ലാ മാസവും അഞ്ചിനു മുമ്പായി ലഭ്യമാക്കാന്‍ നടപടിയെടുക്കും. ജില്ലാ കമ്മിറ്റി യോഗം മൂന്നു മാസത്തിലൊരിക്കല്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാന വയോജന കൗണ്‍സില്‍ കണ്‍വീനര്‍ അമരവിള രാമകൃഷ്ണന്‍ വയോജന നയവും ആക്റ്റും എന്ന വിഷയത്തില്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ പവിത്രന്‍ തൈക്കണ്ടി, ജില്ലാതല ഉദ്യോഗസ്ഥര്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!