എംപ്ലോയ്‌മെന്റ് നിയമനം യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്

0

മാനന്തവാടി നഗരസഭ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കണ്ടിജന്റ് വര്‍ക്കര്‍, സാനിറ്ററി വര്‍ക്കര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യു ബോര്‍ഡ് രൂപീകരണത്തില്‍ നഗരസഭ ഏകാധിപത്യ നടപടി സ്വീകരിച്ചതായി പ്രതിപക്ഷം.ഏകപക്ഷീയമായി അംഗങ്ങളെ നിയമിച്ച ഭരണ സമിതി നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ബോര്‍ഡ് രൂപീകരണത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്താതെ ചെയര്‍മാന്‍ സി പി എം കൗണ്‍സിലര്‍മാരായ സ്റ്റിയറിംഗ് കമ്മിറ്റിയെ ഏകപക്ഷിയമായി പ്രഖ്യാപിച്ചതില്‍ തങ്ങള്‍ സെക്രട്ടറിക്ക് വിയോജന കുറിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് റീജ്യണല്‍ ജോയിന്റ് ഡയരക്ടര്‍ക്ക് പരാതി നല്‍കും. മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം കൂടിക്കാഴ്ചയുടെ മാനദണ്ഡം നിശ്ചയിക്കണമെന്നാണ് മുന്‍സിപ്പല്‍ ആക്ടിലും, റൂളിലും പറഞ്ഞിരിക്കുന്നത്.യോഗത്തില്‍ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയതുമാണ്. എന്നാല്‍ ചെയര്‍മാന്‍ മാനദണ്ഡം നിശ്ചയിക്കാന്‍ തയ്യാറായില്ല.സി പി എം പാര്‍ട്ടി പറയുന്നത് മാത്രമാണ് കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ സ്വീകരിക്കുന്നത്. സ്വജനപക്ഷപാതവും അഴിമതിയും നടത്തുന്നതിന് വേണ്ടിയാണ് ഏക പക്ഷീയമായി ഇന്റര്‍വ്യു ബോര്‍ഡ് രൂപീകരിച്ചത്. 15 സ്ഥിര നിയമനങ്ങളാണ് നടത്താന്‍ പോകുന്നത്. സുതാര്യമായി നടത്തേണ്ട നിയമനങ്ങള്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിച്ച് വന്‍ അഴിമതിക്ക് കളമൊരുക്കുകയാണ് സി പി എം നടത്തുന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യന്‍, പി വി ജോര്‍ജ്ജ്, കടവത്ത് മുഹമ്മദ്, വി. യു.ജോയി, സ്റ്റെര്‍വിന്‍ സ്റ്റാന്‍ലി, ഹരിചാലി ഗദ്ധ,ഷീജ ഫ്രാന്‍സിസ്, ശ്രലത കേശവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!