പച്ചപ്പ്: മഴക്കാല പച്ചക്കറികൃഷി തുടങ്ങും

0

പച്ചപ്പ് പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന വീട്ടുകൂട്ടങ്ങളുടെ നേതൃത്വത്തില്‍ മഴക്കാല പച്ചക്കറികൃഷി തുടങ്ങും. ഇതിനായി വാര്‍ഡുകളില്‍ നിന്ന് ഓരോ റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെടുത്ത് ജൂണ്‍ 16, 17 തീയ്യതികളില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) നേതൃത്വത്തില്‍ പരിശീലനം നല്‍കും. തുടര്‍ന്ന് ജൂണ്‍ 31നകം പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ സഹായത്തോടെ വീട്ടുകൂട്ടം, നാട്ടുകൂട്ടം എന്നിവ രൂപീകരിക്കും. പ്രാദേശിക തലത്തില്‍ 10 മുതല്‍ 20 വരെ വീടുകള്‍ ചേരുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടുന്നതാണ് വീട്ടുകൂട്ടം.ഓരോ വീട്ടുകൂട്ടങ്ങളുടെയും നേതൃത്വത്തില്‍ അഞ്ചുസെന്റ് സ്ഥലത്താണ് മഴക്കാല പച്ചക്കറി കൃഷി തുടങ്ങുക. കൃഷിക്കാവശ്യമായ വിത്ത് കൃഷിഭവന്‍ വഴി ലഭ്യമാക്കും.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുഴകളുടേയും നീര്‍ച്ചാലുകളുടേയും സംരക്ഷണത്തിന്റെ ഭാഗമായി പുഴയോരങ്ങളില്‍ മുളതൈകള്‍ വെച്ചുപിടിപ്പിക്കും.വൈത്തിരി താലൂക്കില്‍ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിക്കും.ആവശ്യമായ മുള തൈകള്‍ സാമൂഹിക വനവല്‍ക്കരണ വിഭാഗം ലഭ്യമാക്കും. ആഗസ്റ്റ് 15ഓടെ ജില്ലയിലെ പുഴയോരങ്ങളില്‍ പൂര്‍ണമായും മുള തൈകള്‍ വച്ചുപിടിപ്പിക്കും. അവയുടെ സംരക്ഷണത്തിനായി പുഴയുടെ ഒരുകിലോ മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ ഉള്‍പ്പെടുത്തി പുഴയോരകൂട്ടങ്ങള്‍ രൂപീകരിക്കും.കലാലയങ്ങള്‍, ആദിവാസി കോളനികള്‍ എന്നിവ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ജൂണ്‍ എട്ടിന് കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ ജില്ലയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പത്താംക്ലാസ്, പ്ലസ്ടു വിദ്യാര്‍ഥികളേയും നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളേയും ആദരിക്കും. മരതൈകളും പുസ്തകവും നല്‍കിയാണ് വിദ്യാര്‍ഥികളെ ആദരിക്കുക. ജൂണ്‍ 16ന് കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് സന്നദ്ധരായവര്‍ക്കായി എകദിന പരിശീലന ക്ലാസ് നടത്തും. കൂടാതെ അംഗവൈകല്യമുള്ളവര്‍ക്കും മാനസിക രോഗമുള്ളവര്‍ക്കുമായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സിറ്റിങും നടത്തും. കളക്ടറേറ്റിലെ എപിജെ ഹാളില്‍ നടന്ന പച്ചപ്പ് പദ്ധതിയുടെ നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി നാസര്‍, പച്ചപ്പ് കോ-ഓഡിനേറ്റര്‍ കെ ശിവദാസന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!