മാലിന്യമില്ലാത്ത മാനന്തവാടി പ്ലാസ്റ്റിക് ശേഖരണം തുടങ്ങി
മാലിന്യമില്ലാത്ത മാനന്തവാടി എന്ന സന്ദേശമുയര്‍ത്തി ഹരിത കേരള മിഷന്റെ ഭാഗമായി മാനന്തവാടി നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് ശേഖരണം ആരംഭിച്ചു.പുതുതായി രൂപീകരിച്ച ഹരിത കര്‍മ്മ സേന അംഗങ്ങളാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്.നഗരസഭ പരിധിയിലെ ഒരോ ഡിവിഷനില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട രണ്ടംഗങ്ങള്‍ വീതം 72 പേരാണ് കര്‍മ്മ സേനയിലുള്ളത്.ഇവര്‍ക്ക് ഏകീകരിച്ച യൂണിഫോമും, തിരിച്ചറിയല്‍ കാര്‍ഡും നഗരസഭ നല്‍കിയിട്ടുണ്ട്. വേങ്ങര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിറവ് ഹരിത സഹായ സ്ഥാപനമാണ് നോഡല്‍ ഏജന്‍സി.കര്‍മ്മ സേനയിലെ അംഗങ്ങള്‍ക്ക് ആവശ്യമായ ക്ലാസ്സുകള്‍,പരിശീലന പരിപാടികള്‍ എന്നിവ നല്‍കുന്നതോടൊപ്പം മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതടക്കമുള്ള സാങ്കേതിക സഹായവും ഈ ഏജന്‍സിയാണ് നല്‍കുന്നത്. ജൈവ, അജൈവ മാലിന്യങ്ങള്‍ ഏങ്ങനെ വേര്‍തിരിക്കാം എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പൊതുജനത്തിന് നല്‍കുകയും, വീടും പരിസരവുമെല്ലാം പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ബോധവല്‍ക്കരണവും കര്‍മ്മ സേന അംഗങ്ങള്‍ നല്‍കും.
മാസത്തില്‍ ഒരു തവണയാണ് ഇവര്‍ പ്‌ളാസ്റ്റിക്കുകള്‍ ശേഖരിക്കുക.വൃത്തിയുള്ള പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നതിന് വീടുകളില്‍ നിന്ന് 30 രൂപയും ,കടകളില്‍ നിന്ന് 50 രൂപയും മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് 100 രൂപ മുതല്‍ 200 രൂപ വരെയുമാണ് ഈടാക്കുന്നത്.ശേഖരിച്ച മാലിന്യങ്ങള്‍ മെറ്റീരിയല്‍ കളക്ഷന്‍ സംവിധാനം(എംസിഎഫ്) ഉപയോഗിച്ച് ഷെഡിംഗ് യൂണിറ്റുകളില്‍ വെച്ച് തരം തിരിക്കും. ഇത് നിറവിന്റെ സഹായത്തോടെ ടെന്‍ഡര്‍ ചെയ്ത് വില്‍പ്പന നടത്താനും, പരീക്ഷണാടിസ്ഥാനത്തില്‍ വന്‍ വിജയമായി തീര്‍ന്ന ടാറിംഗ് പ്രവര്‍ത്തികള്‍ക്ക് നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്.ആദ്യ ഘട്ടത്തില്‍ നഗരസഭയിലെ 10 ഡിവിഷനുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് നിര്‍വ്വഹിച്ചു വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍, കൗണ്‍സിലര്‍മാരായ പിടി ബിജു, അബ്ദുള്‍ ആസിഫ്, ശാരദാ സജീവന്‍, ബി ഉണ്ണികൃഷ്ണന്‍, കര്‍മ്മ സേന ഭാരവാഹികളായ റോസ ബിന്‍സി, പ്രിന്‍സി ജോര്‍ജ്ജ് നഗരസഭ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.